നവഫാസിസത്തെ ചെറുക്കാൻ 
തുടർച്ചയായ പോരാട്ടം: കാരാട്ട്

ഹിന്ദുത്വ കോർപറേറ്റ് സഖ്യം ഭീഷണി ; വിശാലഐക്യം വേണം

Prakash Karat madurai party congress
avatar
Sajan Evugen

Published on Apr 03, 2025, 02:15 AM | 2 min read


കോടിയേരി ബാലകൃഷ്ണൻ സ്‌മാരക ഹാൾ 
(തമുക്കം മൈതാനം, മധുര): ബിജെപിക്കും ആർഎസ്എസിനും എതിരായ പോരാട്ടം വിജയിപ്പിക്കാൻ വിശാലഐക്യം കെട്ടിപ്പടുക്കാൻ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുമായി കൈകോർക്കാൻ സിപിഐ എം പ്രതിബദ്ധതയോടെ നിലകൊള്ളുമെന്ന് പാർടി പൊളിറ്റ്ബ്യൂറോ അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പറഞ്ഞു. 24–-ാം പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ഐക്യവും രാഷ്ട്രീയ ഇടപെടലും വിപുലീകരിക്കേണ്ട സന്ദർഭമാണിത്. മതനിരപേക്ഷ, ജനാധിപത്യ, പുരോഗമനപാതയിൽ നീങ്ങുന്ന പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു.


നവ ഉദാരനയങ്ങളെയും ഹിന്ദുത്വ നവഫാസിസത്തെയും സാമ്രാജ്യത്വ കടന്നാക്രമണങ്ങളെയും ചെറുക്കാൻ തുടർച്ചയായ പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണ്.

അമേരിക്കൻ സാമ്രാജ്യത്വവുമായി അടുത്ത ചങ്ങാത്തം പുലർത്തുന്ന ഹിന്ദുത്വ–കോർപറേറ്റ് കൂട്ടുകെട്ടിന്റെ പ്രതിനിധികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സർക്കാരും. ഡോണൾഡ് ട്രംപിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്നത് ആരാണ് ? ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും ഉറ്റ തോഴൻ ആരാണ്? ആർഎസ്എസിനോട് പരിപൂർണ വിശ്വസ്‌തത പുലർത്തുന്നത് ആരാണ്? - നരേന്ദ്രമോദിയും ബി ജെപിയും -എന്നതാണ്‌ മൂന്ന് ചോദ്യത്തിനും ഒറ്റ ഉത്തരം. മൂന്നാമതും അധികാരത്തിൽവന്ന മോദി സർക്കാർ ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡയും തീവ്ര നവഉദാരനയങ്ങളും അമിതാധികാര പ്രയോഗവും മുന്നോട്ടുകൊണ്ടുപോകുകയാണ്‌. നവഫാസിസ്റ്റ്‌ പ്രവണതകളും പ്രകടിപ്പിക്കുന്നു. ഫാസിസ്റ്റ്‌ സ്വഭാവമുള്ള ആർഎസ്എസ്‌ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ലിം വിഭാഗത്തെ സ്ഥിരമായി വേട്ടയാടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അധികാര സംവിധാനങ്ങളുടെ പൂർണ പിന്തുണയും വേട്ടക്കാർക്ക്‌ ലഭിക്കുന്നു. ഹിന്ദുത്വ ഏകോപനത്തിനായി വർഗീയ ധ്രുവീകരണം സ്ഥിരമായി നിലനിർത്തുകയാണ് മുസ്ലിങ്ങൾക്കുനേരെയുള്ള തുടർച്ചയായ ആക്രമണം വഴി ലക്ഷ്യമിടുന്നത്‌. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും നഗ്‌നമായ പ്രകടനമാണ്‌ ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക നടത്തുന്നത്‌. ഗാസയിൽനിന്ന്‌ പലസ്‌തീനികളെ തുടച്ചുനീക്കാനുള്ള പദ്ധതിക്ക്‌ ട്രംപ്‌ പിന്തുണ നൽകുന്നു. ലോകരാജ്യങ്ങൾക്കെതിരെ നീങ്ങുന്ന ട്രംപിനോട്‌ വിധേയത്വം പുലർത്തുകയാണ്‌ മോദി.


party congress


സീതാറാം യെച്ചൂരിയുടെ വേർപാട്‌ സൃഷ്ടിച്ച സവിശേഷ സാഹചര്യത്തിലാണ്‌ പാർടി കോൺഗ്രസ്‌ ചേരുന്നതെന്ന്‌ കാരാട്ട്‌ പറഞ്ഞു. പാർടി കോൺഗ്രസിന്റെ ഒരുക്കങ്ങൾക്കു തുടക്കമിട്ടത്‌ യെച്ചൂരിയായിരുന്നു. അദ്ദേഹത്തിന്റെ ആകസ്‌മികമായ വിയോഗത്തിനുശേഷം കേന്ദ്രകമ്മിറ്റിയും പിബിയും പാർടി കോൺഗ്രസ്‌ സംഘാടനത്തിനായി കൂട്ടായി പ്രവർത്തിച്ചു. ആർഎസ്എസ്, -ബിജെപി ദ്വന്ദ്വത്തിനും ഹിന്ദുത്വ ശക്തികൾക്കും എതിരായ ബഹുമുഖ പോരാട്ടത്തിനുള്ള രാഷ്ട്രീയ അടവുനയം പാർടി കോൺഗ്രസ് കൈക്കൊള്ളണം. ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാനും നവ ഉദാരനയങ്ങളുടെ കടന്നാക്രമണത്തിന് എതിരായും സിപിഐ എമ്മും ഇതര ഇടതുപക്ഷ പാർടികളും നടത്തുന്ന പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്ന ബഹുജനങ്ങളെ രാഷ്ട്രീയവൽക്കരിക്കണം. ഹിന്ദുത്വ വർഗീയതയ്ക്കെതിരെ ശക്തമായ പ്രചാരണം നടത്തണം.


സിപിഐ എമ്മിന്റെ സ്വതന്ത്ര കരുത്ത്‌ വർധിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യും. വർഗ, ബഹുജന വിഷയങ്ങളിൽ പ്രാദേശിക പോരാട്ടങ്ങൾ ഉയർത്തുകയും പാർടി സംഘടന ശക്തിപ്പെടുത്താൻ അടിത്തട്ടിൽ പ്രവർത്തിക്കുകയും വേണം. കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങൾ ചെറുക്കാൻ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ മുന്നിൽനിൽക്കുന്നു. ജനക്ഷേമപരമായ ബദൽനയങ്ങൾ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നു. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അധികാരവും സംരക്ഷിക്കുന്നതിൽ എൽഡിഎഫ്‌ സർക്കാർ പ്രധാന പങ്ക്‌ വഹിച്ചുവരികയാണെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home