ഡിവൈഎഫ്‌ഐ അഖിലേന്ത്യ കൺവെൻഷൻ
തൊഴിലില്ലായ്‌മയ്‌ക്കും ഹിന്ദുത്വവാദത്തിനുമെതിരെ ഒറ്റക്കെട്ടായി പോരാടണം: പ്രകാശ് കാരാട്ട്

ന്യൂഡൽഹി
രൂക്ഷമാകുന്ന തൊഴിലില്ലായ്‍മയ്‌ക്കും ഹിന്ദുത്വവാദത്തിനുമെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന് മുതിര്‍ന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. ഡൽഹിയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച അഖിലേന്ത്യാ കൺവൻഷനിൽ യുവജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ നവഫാസിസ്റ്റ് സർക്കാരിന്റെ നയഫലമാണ് വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയും അസമത്വവും. തൊഴിലില്ലായ്‌മക്കെതിരെയുള്ള സമരം ഹിന്ദുത്വവാദത്തിനെതിരായ സമരമായിക്കൂടി മാറ്റേണ്ടതുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ യുവജനങ്ങളെ സംഘടിപ്പിച്ച് ചെറുക്കണം.
തൊഴിലവകാശം മൗലിക അവകാശങ്ങളുടെ ഭാഗമാകണമെന്ന് കൺവൻഷൻ ഉദ്‌ഘാടനംചെയ്‌ത് സാമ്പത്തിക വിദഗ്ധൻ പ്രൊഫ. പ്രഭാത് പട്‌നായിക് പറഞ്ഞു.
അമിത ജോലിസമ്മർദത്തിന്റെ ഇരയായി ജീവൻ നഷ്‌ടപ്പെട്ട എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്റെയും ഒല കമ്പനിയിൽ ബാംഗ്ലൂരിൽ എഐ വിഭാഗത്തിൽ ജോലിചെയ്‌ത നിഖിൽ സോമവൻഷിയുടെ ആത്മഹത്യയിലും നീതി നടപ്പാക്കാത്ത ബിജെപി സർക്കാരിന്റെ അനാസ്ഥയെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം വിമർശിച്ചു. ഡിവൈഎഫ്‌ഐ, സിഐടിയു, കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളിൽ നിന്നുമായി 500ലേറെ പ്രതിനിധികൾ സുർജിത് ഭവനിൽ നടന്ന കൺവൻഷനിൽ പങ്കെടുത്തു. സിപിഐ എം പിബി അംഗവും അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്‌ണൻ, സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമഘ്‌നരാജ് ഭട്ടാചാര്യ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, എം വിജിൻ എംഎൽഎ, യുവജന കമീഷൻ ചെയർമാൻ എം ഷാജർ, ജെയ്‌ക് സി തോമസ്, ഷിജുഖാൻ, വി പി സാനു, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവർ പങ്കെടുത്തു.









0 comments