പീഡനക്കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ

ബംഗളൂരു: പീഡനക്കേസിൽ മുൻ എംപിയും ജനതാദൾ (എസ്) നേതാവുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ. പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധി ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. കെ ആർ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന, ബലാത്സംഗ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ കാര്യത്തിനായി പ്രജ്വലിനെ കാണാനെത്തിയ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ശേഷം വീഡിയോ ചിത്രീകരിച്ചെന്നുമുള്ള കേസിലാണ് പ്രജ്വൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഹാസനിലെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്‌ത രണ്ടുപേരും വനിതാ നേതാവും ഒരു വീട്ടമ്മയുമടക്കം നാലു പേരാണ് പരാതി നൽകിയത്.
2021-ൽ യുവതിയെ രണ്ടുതവണ പീഡനത്തനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം ഹാസനിലെ വീട്ടിൽ വച്ചും തുടർന്ന് ബംഗളൂരുവിലെ വസതിയിൽ വെച്ചും ലൈംഗികാതിക്രമം നടത്തി. പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിലുണ്ട്. പീഡന വിവരം പുറത്തറിഞ്ഞശേഷം പ്രജ്വൽ ജർമനിയിലേക്ക് മുങ്ങിയിരുന്നു. മെയ് 31ന് തിരിച്ചെത്തിയ ഉടനെ പ്രജ്വൽ അറസ്റ്റിലായി.
ഐപിസി സെക്ഷൻ 376 (2) (k), 376 (2) (n), ഐടി ആക്ട് സെക്ഷൻ 66E എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. 113 സാക്ഷികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ജൂലൈ 18-ന് വിചാരണ അവസാനിച്ചു. 2023 ഏപ്രിലിലാണ് പ്രജ്വലിനെതിരെ ആദ്യ പരാതി ഫയൽ ചെയ്തത്.
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും പ്രജ്വൽ പീഡിപ്പിച്ച മറ്റൊരു വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രജ്വലിന്റെ അച്ഛനും എംഎൽഎയുമായ എച്ച് ഡി രേവണ്ണയും പ്രതിയാണ്.









0 comments