പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്: 9 പ്രതികൾക്കും ജീവപര്യന്തം

POLLACHI CASE
വെബ് ഡെസ്ക്

Published on May 13, 2025, 03:19 PM | 2 min read

ചെന്നൈ : പൊള്ളാച്ചി കൂട്ടബലാത്സം​ഗക്കേസിൽ പ്രതികളായ ഒമ്പത് പേർക്കും ജീവപര്യന്തം തടവ്. കോയമ്പത്തൂരിലെ വനിത സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി ജഡ്ജ് ആർ നന്ദിനി ദേവി വ്യക്തമാക്കിയിരുന്നു. ശബരിരാജൻ( റിശ്വന്ത്-32), തിരുനാവുക്കരശ് (34), ടി വസന്തകുമാർ (30), എം സതീഷ് (33), ആർ മണി (മണിവണ്ണൻ0, പി ബാബു, ഹാരോൺ പോൾ, അരുളാനന്ദം, അരുൺ കുമാർ എന്നിവരാണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികൾ. 2019ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബലാത്സം​ഗം, കൂട്ടബലാത്സം​ഗം, ഭീഷണി എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. 50-ലധികം സാക്ഷികളെയും 200-ലധികം രേഖകളും 400 ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കി. 2023 ഫെബ്രുവരിയിലാണ് വാദം ആരംഭിച്ചത്.


2019ലാണ് തമിഴ്നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ച കേസുണ്ടായത്. കോളേജ് വിദ്യാർഥിനി നൽകിയ പരാതിയുടെ പുറത്ത് നടത്തിയ അന്വേഷണമാണ് വമ്പൻ സെക്സ് റാക്കറ്റിനെപ്പറ്റിയുള്ള വിവരങ്ങളിലേക്ക് എത്തിച്ചത്. നാലു പേർ തന്നെ കാറിൽ വച്ച് ഉപദ്രവിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ സഹോ​ദരൻ പ്രതികളിലൊരാളെ പിടികൂടി ഫോൺ പരിശോധിച്ചതോടെയാണ് വമ്പൻ സെക്സ് റാക്കറ്റിന്റെ ഭാ​ഗമാണ് ഇവരെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


പൊലീസിന്റെ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2016 മുതൽ 2918 വരെയുള്ള കാലഘട്ടത്തിൽ നൂറിലധികം സ്ത്രീകളെ ഇവർ ലൈം​ഗികമായി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. കണക്കുകളുടെ വിവരങ്ങളിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല. ഇരുനൂറോളം സ്ത്രീകളെ ഇവർ ഉപദ്രവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിൽ വച്ചും ഫാം ഹൗസുകളിലും ഒഴിഞ്ഞ ഇടങ്ങളിലും കൊണ്ടുപോയാണ് പ്രതികൾ സ്ത്രീകളെ പീഡനത്തിനിരയാക്കിയത്. പീഡനം നടക്കുന്ന സമയത്ത് സംഘാം​ഗങ്ങൾ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോ​ഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും വീണ്ടും ലൈം​ഗികമായി ഉപദ്രവിക്കുകയുമായിരുന്നു പ്രതികളുടെ രീതി. എട്ടുപേർ മാത്രമാണ് പരാതിയുമായി രം​ഗത്തെത്തിയത്.


ആദ്യം പൊള്ളാച്ചി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് തമിഴ്നാട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇത്രയധികം സ്ത്രീകളെ പ്രതികൾ ഉപദ്രവിച്ചിരുന്നതായി വെളിപ്പെട്ടതോടെ എഐഎഡിഎംകെ സർക്കാരിനെതിരെ വൻ ജനരോഷം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രധാനമായും ഇവർ പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്. അടുപ്പമുള്ള സ്ത്രീകളെ വിളിച്ച് സംസാരിക്കാനുണ്ടെന്ന് പറയുകയും ബലമായി കാറിൽ വിളിച്ചുകയറ്റി ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു പ്രതികൾ. കേസിലെ പ്രതികളിലൊരാളായ അരുളാനന്ദം അണ്ണാ ഡിഎംകെയുടെ പൊള്ളാച്ചിയിലെ വിദ്യാർഥി വിഭാഗം സെക്രട്ടറിയായിരുന്നതും കേസിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.


വിവാദമായ കേസായതിനാൽ അതീവ സുരക്ഷയിലാണ് പ്രതികളെ ഇന്ന് കോടതിയിലെത്തിച്ചത്. കോടതി പരിസരത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. വിധി വന്നതിനു പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷൻ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home