ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; പൊലീസിന്റെ മൊഴി രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ മൊഴി രേഖപ്പെടുത്തി. സുപ്രീം കോടതിയുടെ ആഭ്യന്തര സമിതിയാണ് മൊഴി രേഖപ്പെടുത്തിയത്. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ, ന്യൂഡൽഹി ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ദേവേഷ് കുമാർ മഹല എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അന്വേഷണം നടത്തുന്ന ജഡ്ജിമാരുടെ മൂന്നംഗ സമിതി ഹരിയാനയിലെ സംസ്ഥാന ഗസ്റ്റ് ഹൗസിൽ വച്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.
ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന രൂപീകരിച്ച പാനലിന് മുന്നിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സഞ്ജയ് അറോറ ഹാജരായത്. 7.30 ഓടെയാണ് മൊഴി നൽകി പുറത്തിറങ്ങിയത്. അതേസമയം, ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച ദേവേഷ് കുമാർ മഹലയുടെ മൊഴിയെടുക്കൽ 5.30 മണിക്കൂറിന് ശേഷമാണ് പൂർത്തിയായത്.
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ഹോളി ആഘോഷം നടക്കുന്ന ദിവസം രാത്രി 11.30 ഓടെയാണ് ജഡ്ജിയുടെ ഡൽഹിയിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. സംഭവ സ്ഥലത്ത് ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. പൊലീസും അഗ്നിരക്ഷാ സേനയുമാണ് കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. മാത്രമല്ല അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റീസിന് കൈമാറുകയും ചെയ്തിരുന്നു.
തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിക്കുന്നത്. ജസ്റ്റിസ് ഷീൽ നാഗു(പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജി എസ് സന്ധാവാലിയ(ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എം എസ് അനു ശിവരാമൻ(കർണാടക ഹൈക്കോടതി ജഡ്ജി) എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്.









0 comments