വാട്ടർ ടാങ്കിൽ അധ്യാപകൻ കീടനാശിനി കലർത്തിയതായി പരാതി; 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

POISON
വെബ് ഡെസ്ക്

Published on Aug 24, 2025, 10:33 AM | 1 min read

തെലങ്കാന: സഹപ്രവർത്തകരുമായുള്ള തർക്കത്തിന്റെ പേരിൽ സ്‌കൂൾ വാട്ടർ ടാങ്കിൽ അധ്യാപകൻ കീടനാശിനി കലർത്തിയതായി പരാതി.തെലങ്കാന ജയശങ്കർ ഭൂപൽപ്പള്ളി ജില്ലയിലെ അർബൻ റെസിഡൻഷ്യൽ സ്‌കൂളിൽ ആണ് സംഭവം. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കുട്ടികളുടെ നില ഗുരുതരമല്ല, ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു.. കീടനാശിനി കണ്ടെത്തിയ സംഭവം വിദ്യാർഥികൾ ഉന്നയിച്ചപ്പോൾ വിഷയം പുറത്തറിയിക്കരുത് എന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്.സയൻസ് അധ്യാപകൻ രാജേന്ദർ ആണ് വെള്ളത്തിൽ കീടനാശിനി കലർത്തിയത്. വെള്ളത്തിൽ കീടനാശിനി കലർത്തിയെന്ന സംശയം ദൂരീകരിക്കാൻ രാജേന്ദർ വെള്ളം കുടിച്ച് കാണിച്ച് കൊടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇയാളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കീടനാശിനിയുടെ കുപ്പി ഇയാൾ പിന്നീട് വിദ്യാർഥികളുടെ താമസ സ്ഥലത്ത് ഒളിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം, രാജേന്ദറിനെയും മറ്റ് രണ്ട് അധ്യാപകരായ വേണു, സൂര്യപ്രകാശ്, പാചകക്കാരിയായ രാജേശ്വരി എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വിദ്യാർഥികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ തർക്കങ്ങളിൽ ഏർപ്പെടരുതെന്നും അധികൃതർ സ്‌കൂൾ പ്രിൻസിപ്പലിനും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകി.


സംഭവം പുറത്തറിഞ്ഞതോടെ വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. ഭൂപൽപ്പള്ളി എംഎൽഎ ഗന്ദ്ര സത്യനാരായണ റാവു, ജില്ലാ കളക്ടർ രാഹുൽ ശർമ്മ, എസ്പി കിരൺ കരെ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home