പഹൽഗാമിലെ വീഴ്ചയെകുറിച്ച് ആദ്യ പ്രതികരണം
ആക്രമണ സാധ്യത മുൻകൂട്ടി അറിഞ്ഞ് യാത്ര റദ്ദാക്കിയ പ്രധാനമന്ത്രി വിവരം സുരക്ഷാ സേനകളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഖാർഗെ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പഹൽഗാം ആക്രമണത്തിന് മൂന്ന് ദിവസം മുൻപ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ റിപ്പോർട്ടിനെ തുടർന്ന് പ്രധാനമന്ത്രി കേന്ദ്രഭരണ പ്രദേശത്തേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കിയിരുന്നു. എന്നാൽ ഈ വിവരം യഥാസമയം സുരക്ഷാ സേനകൾക്ക് കൈമാറിയില്ലെന്നും ഖാർഗെ വ്യക്തമാക്കി.
ഏപ്രിൽ 22 ന് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറിയിരുന്നതാണ്.
“അവർക്ക് ഇത് അറിയാമായിരുന്നെങ്കിൽ, അവർ എന്തുകൊണ്ട് ഒന്നും ചെയ്തില്ല. 26 പേരുടെ ജീവൻ അപഹരിച്ച ആക്രമണത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായിരുന്നുവെന്ന് സർക്കാർ തന്നെ സമ്മതിച്ചത് ഈ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ്”.
ഏപ്രിൽ 24 ന് അടച്ചിട്ട മുറിയിൽ നടന്ന സർവകക്ഷി യോഗത്തിൽ, പഹൽഗാം ഭീകരാക്രമണത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി കേന്ദ്ര സർക്കാർ സമ്മതിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ പ്രദേശം തുറക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികൾ സുരക്ഷാ ഏജൻസികളെ അറിയിച്ചിരുന്നില്ല എന്ന് സർക്കാർ സമ്മതിക്കയും ചെയ്തിരുന്നു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ സബർവാൻ പർവതനിരകളുടെ താഴ്‌വരയിലുള്ള ശ്രീനഗറിന്റെ പ്രാന്തങ്ങളിലെ ഹോട്ടലുകളിൽ താമസിക്കുന്നവരെ ഭീകരർ ലക്ഷ്യം വയ്ക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയിരുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടി ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇവ കൂടി മുൻനിർത്തായാണ് ഖാർഗെയുടെ പ്രതികരണം. റാഞ്ചിയിൽ കോൺഗ്രസ് റാലിക്കിടയിലാണ് പഹൽഗാമിലെ ജാഗ്രത കുറവിനെതിരെ ആഞ്ഞടിച്ചത്.
കഴിഞ്ഞ മാസം ആദ്യം കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി മോദി എത്താനിരിക്കെ തീവ്രവാദികൾ ഇത്തരമൊരു ആക്രമണം നടത്താൻ പദ്ധതിയിട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് മാറ്റുകയായിരുന്നു എന്നും പിടിഐ റിപ്പോർട് പുറത്ത് വിട്ടിരുന്നു. സുരക്ഷാ മുന്നറിയിപ്പ് കേട്ട് ഒരു സ്ഥലത്ത് പോവുകയോ പോവാതിരിക്കയോ ചെയ്യാം. എന്നാൽ ഈ വിവരം എന്തുകൊണ്ട് സുരക്ഷാ സേനയെ അറിയിക്കാതെ പോയി എന്ന് ഖാർഗെ ചോദിച്ചു.









0 comments