വഖഫ് നിയമ ഭേദഗതി സംബന്ധിച്ച ഹർജികൾ പുതിയ ബെഞ്ചിലേക്ക്; കേസ് 15ന് പരിഗണിക്കും

ന്യൂഡൽഹി: വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി 15ലേക്ക് മാറ്റി. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. വഖഫ് നിയമ ഭേദഗതിയിൽ നേരത്തെ രണ്ട് ദിവസം സുപ്രീം കോടതി വാദം കേട്ടിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്.
നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന മെയ് 14ന് വിരമിക്കും. ഈ സാഹചര്യത്തിൽ താൻ ഹർജികളിൽ വാദം കേട്ട് വിധി പ്രസ്താവിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. വഖഫ് നിയമഭേദഗതി സംബന്ധിച്ച് വിശദമായ വാദം കേൾക്കേണ്ട കേസാണ്. ഹർജികളിൽ വാദം കേട്ട് ഉത്തരവിടാതെ സ്ഥാനം ഒഴിയാൻ താൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇത് ഹർജിക്കാരും അംഗീകരിച്ചു.
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡിലും കേന്ദ്ര വഖഫ് കൗൺസിലിലും എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും മുസ്ലിങ്ങളായിരിക്കണം എന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. വഖഫ് ഭൂമിയെക്കുറിച്ച് കലക്‌ടർമാർക്ക് അന്വേഷണം നടത്താൻ അധികാരം നൽകുന്ന നിയമഭേദഗതി വ്യവസ്ഥയും സുപ്രീംകോടതി മരവിപ്പിച്ചു.
കലക്‌ടർമാർക്ക് വഖഫ് ഭൂമിയെ സംബന്ധിച്ച അന്വേഷണം നടത്താമെന്ന് നിയമ ഭേദഗതിയിൽ പറയുന്നുണ്ട്. എന്നാൽ വഖഫ് ഭൂമി സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുമ്പോൾ തന്നെ അത് വഖഫ് ഭൂമി അല്ലാതായി മാറുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി പൂർണമായും സ്‌റ്റേ ചെയ്യില്ല എന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. 140ഓളം ഹർജികളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്. ഇതിൽ അഞ്ച് ഹർജികളിലാണ് സുപ്രീംകോടതി വിശദമായ വാദം കേൾക്കുന്നത്.









0 comments