പെഗാസസ് റിപ്പോർട്ട് പുറത്തുവിടണം ; 29ന് വിശദവാദം കേൾക്കും

ന്യൂഡൽഹി : ഇസ്രയേൽ നിർമിത ചാരസോഫ്‌ട്‌വെയറായ പെഗാസസ് കേന്ദ്രസർക്കാർ പ്രതിപക്ഷനേതാക്കളടക്കമുള്ളവരെ നിരീക്ഷിക്കാൻ ഉപയോഗിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ 29ന് വിശദവാദം കേൾക്കും. സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൊവ്വാഴ്‌ച വാദത്തിടെ ആവശ്യപ്പെട്ടു.
റിപ്പോർട്ട് ഹർജിക്കാർക്ക് നൽകാമെന്ന് ഉറപ്പ് നടപ്പായില്ല. റിപ്പോർട്ട് നൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് ഹർജികളിൽ 29ന് വിശദവാദം കേൾക്കാമെന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് അറിയിച്ചത്. അതേസമയം, പെഗാസസ് ഉപയോഗിച്ചോ, ഇല്ലയോ എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാർ സഹകരിക്കാത്തതിനാൽ കൃത്യമായ അനുമാനത്തിലെത്താൻ കഴിഞ്ഞില്ലെന്നാണ് സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്‌റ്റിസ് ആർ വി രവീന്ദ്രൻ സമിതിയുടെ റിപ്പോർട്ട്. പരിശോധിച്ച ഫോണുകളിൽ വൈറസ് സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും പെഗാസസ് ആണെന്ന് സ്ഥിരീകരിക്കാൻ സമിതിക്ക് കഴിഞ്ഞില്ല.









0 comments