വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേ: കേന്ദ്രത്തിന് തിരിച്ചടി

റിതിന്‍ പൗലോസ്
Published on Sep 16, 2025, 12:00 AM | 2 min read
ന്യൂഡൽഹി: വഖഫ് നൽകണമെങ്കിൽ അഞ്ചുവർഷം ഇസ്ലാം മതാചാരങ്ങൾ പിന്തുടരുന്നയാളാകണമെന്നതടക്കം വഖഫ് ഭേദഗതി നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ സുപ്രീംകോടതി സ്റ്റേചെയ്‌തു. കേന്ദ്രസർക്കാർ ഏകപക്ഷീയമായി പാസാക്കിയ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്‌തുള്ള ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ ഭാഗിക സ്റ്റേ അനുവദിച്ചത്. വഖഫ് ഭൂമിയിൽ തർക്കമുണ്ടായാൽ വഖഫ് പദവി റദ്ദാക്കാനുള്ള സർക്കാരിന്റെ അധികാരവും ഇടക്കാലവിധിയിൽ സ്റ്റേചെയ്‌തു. വിധി കേന്ദ്രസർക്കാരിന് വൻ തിരിച്ചടിയായി. വഖഫ് സ്വത്ത് പിടിച്ചെടുക്കപ്പെടുമെന്ന് ഭയന്ന മുസ്ലിം സമുദായത്തിന് വിധി താൽക്കാലിക ആശ്വാസമായി.
തീരുമാനമെടുക്കാൻ കലക്‌ടർക്ക് അനുമതി നൽകുന്നത് അധികാര വിഭജനത്തിന് വിരുദ്ധമാണ്. റവന്യൂരേഖകളിൽ മാറ്റം വരുത്താനും കലക്‌ടർക്കാകില്ലെന്നും നിരീക്ഷിച്ചു. പാർലമെന്റ് പാസാക്കിയ നിയമം അപൂർവമായേ നിലവിൽ വന്ന ഉടൻ മരവിപ്പിക്കാറുള്ളുവെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര വഖ-ഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും അമുസ്ലിങ്ങളെ നിയമിക്കുന്നത് വിലക്കിയില്ലെങ്കിലും എണ്ണം നിയന്ത്രിച്ചു. കേന്ദ്ര വഖ-ഫ് കൗൺസലിൽ 22 അംഗങ്ങളിൽ നാലും സംസ്ഥാനങ്ങളിൽ 11ൽ മൂന്നും അംഗങ്ങളേ അമുസ്ലിങ്ങളാകാവു. കൗൺസിലിലും ബോർഡിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം മുസ്ലിങ്ങൾക്കാണെന്ന് ഉറപ്പാക്കാനാണിതെന്നും വിധിയിൽ എടുത്തുപറഞ്ഞു. ബോർഡ് സിഇഒമാരായി മുസ്ലിം ഉദ്യോഗസ്ഥരെത്തന്നെ നിയമിക്കാൻ ശ്രമിക്കണമെന്നും നിർദേശിച്ചു.
വഖഫ് ബൈ യൂസർ വ്യവസ്ഥ ഒഴിവാക്കിയതിലും എല്ലാ വഖഫ് സ്വത്തിനും രജിസ്‌ട്രേഷൻ നിർബന്ധമാണെന്നതിലും കോടതി ഇടപെട്ടില്ല. രജിസ്‌ട്രേഷൻ വേണമെന്ന വ്യവസ്ഥ മുന്പുമുണ്ടായിരുന്നെന്നും കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്‌ട്യായുള്ള കണ്ടെത്തലുകളാണിതെന്നും വ്യവസ്ഥകളുടെ സാധുത സംബന്ധിച്ച് കക്ഷികൾക്ക് ഇനിയും എതിർപ്പറിയിക്കാമെന്നും വിധിയിൽ പറയുന്നു.
മോദി, അമിത് ഷാ, മോഹൻ ഭാഗവത് ത്രയത്തിനേറ്റ പ്രഹരം: എം എ ബേബി
ന്യൂഡൽഹി: സിപിഐ എമ്മിന്റെയും പ്രതിപക്ഷത്തിന്റെയും വിമർശത്തെ ശരിവയ്‌ക്കുന്നതാണ് വഖഫ് ഭേദഗതി നിയമത്തിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. രാജ്യത്ത് വർഗീയ വിഭജനമുണ്ടാക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത് ത്രയത്തിനേറ്റ പ്രഹരമാണിതെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ലക്ഷ്യത്തോടെയാണ് കേന്ദ്രം നിയമം കൊണ്ടുവന്നത്. നിയമം പൂർണമായും സുപ്രീംകോടതി സ്റ്റേചെയ്യുമെന്നാണ് പ്രതീക്ഷ. തടയേണ്ട ചില ഭാഗങ്ങൾ നിയമത്തിലുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടെന്നതാണ് ഇടക്കാല വിധിയിൽ വ്യക്തമാക്കുന്നത് –ബേബി പറഞ്ഞു.









0 comments