പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി: പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് ലോക്‌സഭ സ്‌പീക്കർ ഓം ബിർള. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ പ്രവർത്തക സമിതിയംഗം ശശി തരൂർ വിദേശമന്ത്രാലയ സമിതി ചെയർമാനായി തുടരും. സിപിഐ എം രാജ്യകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് സമിതിയംഗമാണ്. സിപിഐ എം ലോക്‌സഭ കക്ഷിനേതാവ് കെ രാധാകൃഷ്‌ണൻ ഗ്രാമവികസന–പഞ്ചായത്തിരാജ് സമിതിയിലാണ്. ഡിഎംകെയുടെ കനിമൊഴി ഉപഭോക്തൃ മന്ത്രാലയത്തിന്റെ അധ്യക്ഷയായി തുടരും. കോൺഗ്രസ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരെ എല്ലാവരെയും നിലനിർത്തി. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പ്രതിരോധ കമ്മിറ്റിയിലാണ്. വയനാട് എംപി പ്രിയങ്കഗാന്ധി ആഭ്യന്തര മന്ത്രാലയ സമിതിയിൽ.
രാജ്യസഭാംഗങ്ങളായ എ എ റഹീം (പാർപ്പിടം), വി ശിവദാസൻ (പെട്രോളിയം), സിപിഐയുടെ പി പി സുനീർ(കൃഷി) കെ സന്തോഷ്‌കുമാർ (ശാസ്ത്രസാങ്കേതികം), കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി (വ്യവസായം) സമിതികളിൽ ഉൾപ്പെട്ടു.
ജയിലിൽ 30 ദിവസം കഴിഞ്ഞാൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പദവി റദ്ദാക്കുന്ന ജൻവിശ്വാസ് ബില്ലിന്റെ സെലക്ട് കമ്മിറ്റി രൂപീകരിച്ചു. ബിജെപിയുടെ തേജസ്വി സൂര്യയാണ് 24 അംഗ സമിതിയുടെ അധ്യക്ഷൻ. സിപിഐ എമ്മിന്റെ സു വെങ്കിടേശൻ സമിതിയിലുണ്ട്.









0 comments