പാർലമെന്റ് വർഷകാല സമ്മേളനം 21 മുതൽ ആഗസ്‌ത് 21 വരെ

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ആഗസ്‌ത് 21 വരെ ചേരും. സമ്മേളനം വിളിച്ചുചേർക്കാൻ രാഷ്‌ട്രപതി അനുമതി നൽകിയെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സമൂഹമാധ്യമത്തിൽ അറിയിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്‌ത് 13നും 14നും പാർലമെന്റ് സമ്മേളിക്കില്ല.
ആണവ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ആറ്റോമിക് എനർജി ആക്ടും ഭേദഗതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായാണ് വിവരം.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണമായി ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണമായ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ആണവയുദ്ധം ഒഴിവാക്കാൻ മധ്യസ്ഥത വഹിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നുണ്ട്.
പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിൽ ഒരിക്കലും അത് സ്വീകരിക്കില്ലെന്നും കഴിഞ്ഞ മാസം ഒരു ഫോൺ കോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനോട് പറഞ്ഞതായാണ് കേന്ദ്രം അറിയിച്ചത്. ഇതിന്റെ സാധുതയെ കുറിച്ച് പ്രതിപക്ഷ പാർടികൾ പാർലമെന്റിൽ ആരായുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments