പിഎസ്എൽവി ദൗത്യ പരാജയം അന്വേഷിക്കാൻ പാനൽ രൂപീകരിച്ചു: ഐഎസ്ആർഒ ചെയർമാൻ

pslv isro chairman
വെബ് ഡെസ്ക്

Published on May 19, 2025, 12:47 PM | 1 min read

ചെന്നൈ: ഐഎസ്‌ആർഒയുടെ ആധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്–09 വിക്ഷേപണ പരാജയത്തിൽ അന്വേഷണം നടത്താൻ കമ്മിറ്റി രൂപീകരിച്ചതായി ചെയർമാൻ വി നാരായണൻ. വിക്ഷേപണം പരാജയപ്പെടാനുള്ള കാരണം തിരിച്ചറിയുന്നതിനായി കമ്മിറ്റി നിരവധി ചർച്ചകൾ ഇതിനകം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഐഎസ്ആർഓയുടെ ഏറ്റവും വിശ്വസനീയമായ റോക്കറ്റായിരുന്നു പിഎസ്എൽവി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപ​ഗ്രഹം വിക്ഷേപിച്ച് 135 കിലോമീറ്റർ അകലെ എത്തിയപ്പോൾ പി‌എസ്‌എൽ‌വി റോക്കറ്റിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചില്ല.


ഞായർ പുലർച്ച 5.59ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേസ്‌ സെന്ററിൽനിന്ന്‌ വിക്ഷേപിച്ച്‌ നാലാം മിനിട്ടിൽ വിക്ഷേപണ വാഹനം നിയന്ത്രണംവിടുകയായിരുന്നു. ദൗത്യം ലക്ഷ്യംകണ്ടില്ലെന്നും പരാജയകാരണം പഠിച്ച്‌ പരിഹരിക്കുമെന്നും ഐഎസ്‌ആർഒ ചെയർമാൻ അറിയിച്ചു.


ഉപഗ്രഹവുമായി കുതിച്ച പിഎസ്‌എൽവി സി 61 റോക്കറ്റിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഖര എൻജിനായ മൂന്നാംഘട്ടം ജ്വലിച്ചെങ്കിലും അപ്രതീക്ഷിതമായി റോക്കറ്റുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു. ഖരമോട്ടോർ കെയ്‌സിലെ മർദവ്യത്യാസമാണ്‌ കാരണമെന്നാണ് ആദ്യ വിലയിരുത്തൽ.


ഐഎസ്‌ആർഒയുടെ 101–-ാം ദൗത്യമായിരുന്നു ഇത്‌. പ്രതികൂല കാലാവസ്ഥയിലും കൃത്യമായ ഭൗമനീരീക്ഷണം സാധ്യമാക്കുന്ന ഉപഗ്രഹമായിരുന്നു ഇഒഎസ്–09. തദ്ദേശീയമായി വികസിപ്പിച്ച സിന്തറ്റിക്ക്‌ അപർച്ചർ റഡാർ ആയിരുന്നു പ്രധാന ഉപകരണം. കൃഷി, വനം, ദുരന്തനിവാരണം തുടങ്ങിയവയ്‌ക്ക്‌ പുറമേ പ്രതിരോധ ആവശ്യങ്ങൾക്കും ഉപഗ്രഹം സഹായകമാകുമായിരുന്നു.


1695 കിലോയുള്ള ഉപഗ്രഹത്തിന്‌ അഞ്ചു വർഷമായിരുന്നു കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ ബഹിരാകാശത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഭൂമിയിലേക്ക്‌ മടക്കിക്കൊണ്ടുവരാനുള്ള ഇന്ധനവും നിറച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home