2023 ജനുവരി ഒന്നുമുതൽ ഒക്‌ടോബർ ആറുവരെ 400ലധികം പലസ്‌തീൻ പൗരരെ ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് പലസ്‌തീൻ സ്ഥാനപതി
‘ഒക്‌ടോബർ ഏഴിന് മുന്പും ഞങ്ങളുടെ ജീവിതം അസാധാരണമായിരുന്നു’

വംശഹത്യയും ഗാസയിലെ ഭിന്നശേഷിക്കാരും എന്ന വിഷയത്തിൽ സംസാരിക്കാനെത്തിയ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബു ഷവേസിനെ വേദിയിലേക്ക് സ്വീകരിക്കുന്നു ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി
2023 ഒക്‌ടോബർ ഏഴിനുണ്ടായ സംഭവത്തെ തുടർന്നല്ല പലസ്‌തീനിലെ ഇസ്രയേൽ വംശഹത്യ ആരംഭിച്ചതെന്നും അതിന് മുൻപും തങ്ങളുടെ ജീവിതം അസാധാരണമായിരുന്നെന്നും ഇന്ത്യയിലെ പലസ്‌തീൻ സ്ഥാനപതി അബു ഷവേഷ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കുവേണ്ടു നിലകൊള്ളുന്ന എൻപിആർഡി, ജൻ സ്വസ്ഥ്യ അഭിയാൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വംശഹത്യയും ഗാസയിലെ ഭിന്നശേഷിക്കാരും’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 ജനുവരി ഒന്നുമുതൽ ഒക്‌ടോബർ ആറുവരെ 400ലധികം പലസ്‌തീൻ പൗരർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തീവ്രവാദികളെന്നാണ് അവർ വിളിക്കുന്നത്. മഹാനായ ഭഗത് സിങ്ങിനെയും തീവ്രവാദിയെന്നാണ് വിളിച്ചിരുന്നു. പശ്ചാത്യരാജ്യങ്ങൾ പരിപൂർണ പിന്തുണ നൽകിയിരുന്നില്ല എങ്കിൽ ഇൗ വംശഹത്യ സംഭവിക്കില്ലായിരുന്നു. എന്നാൽ അവരിൽ ഭൂരിഭാഗം പേർക്കും ഇപ്പോൾ ബോധ്യംവന്നിട്ടുണ്ട്– അബു ഷവേഷ് പറഞ്ഞു.
പലസ്‌തീനിൽ ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഹൈദം സഖ, സിയാദ് അമ്രോ, മാനസികാരോഗ്യ വിദഗ്‌ദ റാസ സഖ എന്നിവർ ഓൺലൈനായും ട്രൈകോണ്ടിനെന്റൽ ഡയറക്‌ടർ വിജയ് പ്രഷാദ്, ഡോ. വിജയ് കെ തിവാരി എന്നിവരും സംസാരിച്ചു.









0 comments