യാത്രാവിമാനങ്ങളെ മറയാക്കി ആക്രമണം: പിന്നാലെ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചു

pakistan airspace
വെബ് ഡെസ്ക്

Published on May 10, 2025, 11:39 AM | 2 min read

ഇസ്ലാമാബാദ് : സാധാരണ യാത്രാവിമാനങ്ങളെ യുദ്ധത്തിന് പരിചയായി ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കിയതിനു പിന്നാലെ വ്യോമാതിർത്തി അടച്ച് പാകിസ്ഥാൻ. എല്ലാ തരത്തിലുള്ള വ്യോമ​ഗതാ​ഗതങ്ങളും തടഞ്ഞു. വ്യോമസേനയ്ക്കുള്ള അറിയിപ്പ് (NOTAM) വഴിയാണ് തീരുമാനം പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസം മുമ്പ് പാകിസ്ഥാൻ വ്യോമാതിർത്തി അടയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അടച്ചിരുന്നില്ല. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടയിൽ വ്യോമാതിർത്തി തുറന്നിടുന്നതിലൂടെ പാകിസ്ഥാൻ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.


അന്താരാഷ്‌ട്ര യാത്രാവിമാനങ്ങളെ മറയാക്കിയാണ്‌ പാകിസ്ഥാൻ ആക്രമണം നടത്തിയതെന്ന്‌ ഇന്ത്യൻ സേനയും വിദേശമന്ത്രാലയവും വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സംഘർഷമേഖലയിൽ പോലും വ്യോമമേഖല അടച്ചിടാൻ പാകിസ്ഥാൻ തയ്യാറായില്ല. കറാച്ചി–-ലാഹോർ റൂട്ടിൽ അന്താരാഷ്‌ട്രവിമാനങ്ങൾ ഈ ഘട്ടത്തിൽ പറന്നു. നിരപരാധികളായ വിമാനയാത്രികരുടെ ജീവന്‌ അപകടം വരാത്തവിധം അങ്ങേയറ്റം സംയമനം പാലിച്ചായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണമെന്ന് വിങ്‌ കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും മാധ്യമങ്ങളോട്‌ വ്യക്തമാക്കിയിരുന്നു.


ലേ മുതൽ സര്‍ ക്രീക്കുവരെ ഇന്ത്യയിലെ 26 സ്ഥലങ്ങളെ പാകിസ്ഥാന്‍ ലക്ഷ്യമിട്ടുവെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ആക്രമണശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനയിൽ തുർക്കി നിർമിത ‘അസിസ്‌ഗാർഡ്‌ സോൺഗർ’ ഡ്രോണുകളാണ്‌ പാകിസ്ഥാൻ ഉപയോഗിച്ചതെന്ന്‌ വ്യക്തമായതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയാ ഖുറേഷി, വിങ് കമാൻഡർ വ്യോമികാസിങ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിരോധ സേനയുടെ പ്രസ്താവന പ്രകാരം, ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നാഗ്രോട്ട, ജമ്മു (ജമ്മു-കശ്മീർ), ഫിറോസ്പൂർ, പത്താൻകോട്ട്, ഫസിൽക (പഞ്ചാബ്), ലാൽഗഡ് ജട്ടൻ, ജൈസൽമർ, ബാർമർ (രാജസ്ഥാൻ), ഭുജ്, കുവാർബേട്ട്, ലക്ഷിനാല (ഗുജറാത്ത്) തുടങ്ങിയ മേഖലകളിലാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. ആക്രമണ ശ്രമം ഇന്ത്യൻ സേന തകർത്തു.


ഇന്ത്യ പാക്‌ അന്താരാഷ്ട്ര അതിർത്തിയോട്‌ ചേർന്ന്‌ പറക്കുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ ജീവൻ പന്താടികൊണ്ടാണ് പാകിസ്ഥാന്‍ ഡ്രോൺ ആക്രമണം നടത്തിയത്. ഇന്ത്യക്കെതിരായ ആക്രമണസമയത്ത് കറാച്ചിക്കും ലാഹോറിനും ഇടയിലെ വ്യോമപാതയിൽ യാത്രവിമാനങ്ങള്‍ പറക്കുന്നതിന്റെ വിശദാംശങ്ങളും സേന പുറത്തുവിട്ടു. സംഘർഷമേഖലകളിൽ വ്യോമപാതകൾ അടയ്‌ക്കുന്നതാണ്‌ കീഴ്‌വഴക്കം. എന്നാൽ, ഇത് ചെയ്യാതെ യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇന്ത്യ ഒരിക്കലും യാത്രാവിമാനങ്ങളെ ഉന്നമിടില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്‌ പാകിസ്ഥാൻ ഇത്തരം നീക്കം നടത്തിയത്‌. പഞ്ചാബ് സെക്ടറിൽ വ്യോമപ്രതിരോധ ജാ​ഗ്രത നിലനിൽക്കെ ഫ്ലൈനാസ് ഏവിയേഷന്റെ ദമാമിൽനിന്ന് ലാഹോറിലേക്കുള്ള എയര്‍ബസ് 320 വിമാനം കടന്നുപോയി.



deshabhimani section

Related News

View More
0 comments
Sort by

Home