നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം വെടിയുതിർത്തു; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം വെടിയുതിർത്തു. പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 1ന് പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖ ലംഖിച്ചതിനെ തുടർന്ന് കൃഷ്ണ ഘാട്ടി മേഖലയിൽ കുഴിബോംബ് സ്ഫോടനമുണ്ടായി. തുടർന്ന് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.
"നമ്മുടെ സൈന്യം നിയന്ത്രിതവും ക്രമീകൃതവുമായ രീതിയിൽ തന്നെ പ്രതിരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. മേഖല സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്" - എന്ന് കരസേന അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിയന്ത്രണ രേഖയിൽ സമാധാനം നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികൾ പാലിക്കേണ്ടതുണ്ടെന്ന് സൈന്യം ആവർത്തിച്ചു.
2021ൽ നടന്ന പാകിസ്ഥാന്റെയും ഇന്ത്യയുടേയും സൈനിക മേധാവികളുടെ യോഗത്തിൽ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന ആശങ്കകളും അതിനുള്ള പരിഹാരവും ഇരു രാജ്യവും ചർച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു. നിയന്ത്രണ രേഖയിലെ എല്ലാ കരാറുകൾക്കും ധാരണകൾക്കും വെടിനിർത്തലിനും ഇരുപക്ഷവും സമ്മതിച്ചിരുന്നു.









0 comments