ചാരവൃത്തി ആരോപണം : അറസ്റ്റിലായ യൂട്യൂബറെ എൻഐഎ ചോദ്യം ചെയ്തു

JYOTI MALHOTRA
avatar
സ്വന്തം ലേഖിക

Published on May 20, 2025, 08:27 PM | 1 min read

ന്യൂഡൽഹി : പാക്‌ ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ അറസ്റ്റിലായ യൂടൂബറും ട്രാവൽ വ്‌ലോഗറുമായ ജ്യോതി മൽഹോത്രയെ എൻഐഎ, ഐബി സംഘങ്ങൾ ചോദ്യം ചെയ്തു. യാത്രകൾക്ക്‌ പിന്നിലെ സാമ്പത്തിക ഇടപാടുകളും വരുമാനവും കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. പാക്‌ ഇന്റലിജൻസുമായി ഇവരുടെ ബന്ധവും അന്വേഷണ സംഘം പരിശോധിച്ചു. ചോദ്യം ചെയ്യലുമായി ജ്യോതി പൂർണമായും സഹകരിച്ചില്ലെന്നും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നും പൊലീസ്‌ വൃത്തങ്ങൾ പറഞ്ഞു. പാക്‌ ഹൈകമീഷൻ ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഇവർ നിഷേധിച്ചെന്നും ഇയാളുമായുള്ള ചാറ്റുകൾ നീക്കം ചെയ്തതായുമാണ്‌ വിവരം.


കേസ്‌ ഫെഡറൽ ഭീകരവിരുദ്ധ അന്വേഷണ ഏജൻസിക്ക് കൈമാറുന്നത്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന്‌ എൻഐഎ വൃത്തങ്ങളെ ഉദ്ദരിച്ച്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. അതേസമയം, ജ്യോതിയുടെ പാക്‌ യാത്രയെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്ന്‌ പിതാവ്‌ ഹരീഷ്‌ മൽഹോത്ര തിങ്കളാഴ്‌ച പറഞ്ഞു. ഡൽഹിയിലേക്കെന്ന്‌ പറഞ്ഞാണ്‌ വീട്ടിൽ നിന്ന്‌ പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജ്യോതി മൽഹോത്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ കൂടുതൽ ട്രാവൽ വ്‌ലോഗർമാരും നിരീക്ഷണത്തിലാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷ സ്വദേശിയും യൂടൂബറുമായ പ്രിയങ്ക സേനാപതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പാക്‌ ചാരവൃത്തി ആരോപിച്ച്‌ ഇതുവരെ 14 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അറസ്റ്റിലായി.



deshabhimani section

Related News

View More
0 comments
Sort by

Home