പഹൽഗാം ഭീകരാക്രമണം: ഭീകരരെ സഹായിച്ചയാൾ അറസ്റ്റിൽ

PHOTO CREDIT: X
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരരെ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ. നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള മുഹമ്മദ് കഠാരിയയാണ് പിടിയിലായത്. ജമ്മു കശ്മീർ പൊലീസ് ആണ് കഠാരിയയെ അറസ്റ്റ് ചെയ്തത്.
ജൂലൈയിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ കണ്ടെത്തിയ ആയുധങ്ങളുടെ ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി കഠാരിയയെ പൊലീസ് വിളിപ്പിക്കുകയായിരുന്നു. പിന്നാലെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. കുൽഗാം സ്വദേശിയാണ് കഠാരിയ. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
പഹൽഗാമിലെ ബൈസരൺ വാലിയിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ രണ്ട് ഭീകരരെ ജൂലൈയിൽ ഡാച്ചിഗാം വനത്തിൽ വച്ച് സുരക്ഷാ സേന വധിച്ചു. കഠാരിയ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് ലോജിസ്റ്റിക് പിന്തുണ നൽകിയിരുന്നതായാണ് കണ്ടെത്തൽ.
ഏപ്രിൽ 22നാണ് പഹൽഗമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർത്ത് ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം ഭീകരാക്രമണത്തിന് മറുപടി നൽകി. മൂന്ന് പാക് പൗരന്മാരുൾപ്പെടെ അഞ്ചുപേരാണ് ബൈസരൺ താഴ്‌വരയിൽ ആക്രമണം നടത്തിയതായി തിരിച്ചറിഞ്ഞത്.









0 comments