പഹൽഗാം ; വിദ്വേഷം കത്തിച്ച് സംഘപരിവാർ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത് വർഗീയവിദ്വേഷം ആളിക്കത്തിച്ച് സംഘപരിവാർ. സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചാരണം വ്യാപകമാണ്. മംഗളുരുവിൽ വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്നതടക്കമുള്ള ആക്രമണങ്ങൾ വേറെയും. ഭോപ്പാൽ എംഎൽഎയായ ആരിഫ് മസൂദിനുനേരെ ബിജെപി നേതാവ് കൃഷ്ണ ഖഡ്‌ജെ പരസ്യമായി കൊലവിളി മുഴക്കി. ആരിഫ് മസൂദിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും വെറുതേവിടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായിയായ നേതാവിന്റെ ഭീഷണി.
സംഘപരിവാർ അതിക്രമത്തെ തുടർന്ന് പതിനാറിലേറെ കശ്‌മീരി ഷാൾവിൽപ്പനക്കാർക്ക് ഉത്തരാഖണ്ഡിലെ മസൂറിയിൽ നിന്ന് പോകേണ്ടിവന്നു. മുംബൈയിൽ വടികളുമായെത്തിയ സംഘം സ്ത്രീകളെ മർദിച്ച് ഹിജാബ് ഉൾപ്പെടെ വലിച്ചുകീറി. ഡൽഹിയിൽ ഗർഭിണിയെ മുസ്ലിമായതിന്റെ പേരിൽ ഡോക്ടർ ചികിത്സിച്ചില്ലെന്നും ആരോപണമുയർന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെ ഉപയോഗിച്ച് സംഘപരിവാറുകാർ ഉത്തരേന്ത്യയിൽ വ്യാപകമായി റോഡിൽ പാക് പതാകകൾ പതിപ്പിച്ചു. ചൊവ്വാഴ്ച അലിഗഢിൽ മുസ്ലിം ബാലനെ നിർബന്ധിച്ച് പാക് പതാകയിൽ മൂത്രമൊഴിപ്പിച്ചു.









0 comments