ഡൽഹിയിൽ 20ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി

photo credit: ANI X
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഇരുപതിലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി. 20 ലധികം സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. ഡൽഹി പൊലീസും ബോംബ് സ്ക്വാഡും സ്കൂളുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തിരച്ചിൽ വ്യാപകമാക്കി. ഈ ആഴ്ചയിൽ നാലാം തവണയാണ് തലസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചത് അറിഞ്ഞയുടൻ പൊലീസും ബോംബ്, ഡോഗ് സ്ക്വാഡുകളും, അഗ്നിശമന സേനയും സ്കൂളുകളിലെത്തിയതായി അധികൃതർ അറിയിച്ചു.
സൗത്ത് ഡൽഹിലെ സമ്മർഫീൽഡ് ഇന്റർനാഷണൽ സ്കൂൾ, പിതംപുരയിലെ മാക്സ്ഫോർട്ട് ജൂനിയർ സ്കൂൾ, ഗുരു നാനാക് സ്കൂൾ, ദ്വാരകയിലെ സെന്റ് തോമസ് സ്കൂൾ, ജിഡി ഗോയങ്ക സ്കൂൾ, ദ്വാരക ഇന്റർനാഷണൽ സ്കൂൾ, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് സ്കൂൾ, സെക്ടർ 3 ലെ രോഹിണി - എംആർജി സ്കൂൾ, സെക്ടർ 24 ലെ ഡൽഹി പബ്ലിക് സ്കൂൾ, സോവറിൻ പബ്ലിക് സ്കൂൾ, ഹെറിറ്റേജ് പബ്ലിക് സ്കൂൾ, സെക്ടർ 9 ലെ ഐഎൻടി പബ്ലിക് സ്കൂൾ, ലോദി എസ്റ്റേറ്റ് സർദാർ പട്ടേൽ വിദ്യാലയ, സെക്ടർ 3 ലെ അഭിനവ് പബ്ലിക് സ്കൂൾ, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്കൂൾ, ഹൗസ് ഖാസിലെ മദേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ എന്നീ സ്കൂളുകളിലാണ് ബോംബ് ഭീഷണി ലഭിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തലസ്ഥാനത്തെ പത്ത് സ്‌കൂളുകൾക്കും ഒരു കോളേജിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടപടി സ്വീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. ഈ ആഴ്ച മാത്രം ഇതുവരെ മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിനാണ് ബോംബ് ഭീഷണി ലഭിച്ചത്. കോളേജിന്റെ ലൈബ്രറിയിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇ മെയിൽ സന്ദേശം. ഇ മെയിൽ വഴിയാണ് എല്ലായിടങ്ങളിലേക്കും ഭീഷണിയെത്തിയത്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.









0 comments