രാജ്യസഭയില്‍ മറുപടിക്ക് മോദിയില്ല ; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂറിലെ പ്രത്യേകചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. പഹൽഗാം ഭീകരാക്രമണത്തിന് കാരണമായ സുരക്ഷാവീഴ്‌ചകൾ, വെടിനിർത്തൽ ധാരണയ്‌ക്ക് പിന്നിലെ അമേരിക്കൻ സമ്മർദം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. ചർച്ചയ്‌ക്ക് മറുപടി പറയാൻ ആഭ്യന്തരമന്ത്രി അമിത്‌ഷാ എഴുന്നേറ്റപ്പോൾ ‘പി എം കോ ബുലാവോ’ (പ്രധാനമന്ത്രിയെ വിളിക്കൂ...) എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വരില്ലെന്നും താൻ മറുപടി പറയുമെന്നും അമിത്‌ഷാ പ്രതികരിച്ചു.
‘പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ കാര്യമായ പണികളുണ്ട്. നിങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഞാൻ വിശദീകരണം നൽകാം. പ്രധാനമന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിക്കണമെന്ന് വാശി പിടിക്കരുത്’ –- അമിത്‌ഷാ പറഞ്ഞു. ഇതോടെ, പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി ഡൽഹിയിൽ ഉണ്ടായിട്ടും അദ്ദേഹം ചർച്ചയിൽ പങ്കെടുക്കാത്തത് രാജ്യസഭയോടുള്ള അനാദരവാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
അതേസമയം, അമിത്‌ഷാ തന്റെ വിശദീകരണം തുടർന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഇന്ത്യ–പാകിസ്ഥാൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നിൽ മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് നേരത്തെ ചർച്ചയിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ അവകാശപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച പ്രധാനപ്പെട്ട ചോദ്യങ്ങൾക്കൊന്നും ലോക്‌സഭയിലും രാജ്യസഭയിലും നടന്ന ചർച്ചകളിൽ സർക്കാർ മറുപടി നൽകിയില്ല. പഹൽഗാം സുരക്ഷാവീഴ്‌ചകളെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല. ഇന്ത്യ–-പാക് പ്രശ്‌നത്തിൽ മധ്യസ്ഥനായെന്ന് തുടർച്ചയായി അവകാശപ്പെടുന്ന ട്രംപിനെ ശക്തമായി തള്ളിപ്പറഞ്ഞതുമില്ല.









0 comments