മഹാരാഷ്‌ട്രയിലെ "അർബൻ നക്‌സൽ ബിൽ’; വിവാദ നിയമ നിർമാണം എതിർത്തത് സിപിഐ എം മാത്രം

വിനോദ് നിക്കോളെ

സ്വന്തം ലേഖകൻ
Published on Jul 28, 2025, 03:23 AM | 2 min read
ന്യൂഡൽഹി: എതിർ ശബ്ദങ്ങളും പ്രതിഷേധങ്ങളും കുറ്റകരമാക്കുന്ന മഹാരാഷ്‌ട്ര പ്രത്യേക പൊതുസുരക്ഷ ബില്ലിനെ (എംഎസ്‌പിഎസ്) നിയമസഭയിൽ എതിർത്ത് വോട്ടുചെയ്‌തത് സിപിഐ എം എംഎൽഎ വിനോദ് നിക്കോളെ മാത്രം. ‘അർബൻ നക്‌സൽ ബിൽ’ എന്ന പേരിലുള്ള കുപ്രസിദ്ധമായ നിയമനിർമാണത്തിൽ പ്രതിപക്ഷ കൂട്ടായ്‌മയായ മഹാവികാസ് അഘാഡിയിലെ കോൺഗ്രസ്, എൻസിപി(എസ്‌പി), ശിവസേന(യുബിടി) തുടങ്ങിയ പാർടികൾ മൗനം പുലർത്തി.
മാവോയിസ്‌റ്റ് സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ കോർപറേറ്റുകൾക്കായി കൊണ്ടുവന്ന ബില്ലിനെ എതിർക്കാത്ത എംവിഎ പാർടികളുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. യുഎപിഎ, മഹാരാഷ്‌ട്രയിൽ നിലവിലുള്ള മക്കോക്ക എന്നിവയെക്കാൾ ക്രൂരമായ വ്യവസ്ഥകളാണ് പുതിയ ബില്ലിൽ.
കോർപറേറ്റുകൾക്കുവേണ്ടി ബലപ്രയോഗത്തിലൂടെ നടത്തുന്ന ഭൂമിയേറ്റെടുക്കൽ, ധാതുക്കൊള്ള, വനത്തിൽനിന്ന് ആദിവാസികളെ ആട്ടിയോടിക്കൽ എന്നിവയ്‌ക്കെതിരെ മഹാരാഷ്‌ട്രയിലെ വിധിയിടങ്ങളിൽ സിപിഐ എം അതിശക്തമായ പോരാട്ടം നടത്തിവരികയാണെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം അശോക് ധാവ്‌ളെ പറഞ്ഞു. ഗഡ്ചിരോളിയിലെ രണ്ട് താലൂക്കുകളിൽ മാത്രമാണ് നക്‌സൽ പ്രശ്‌നങ്ങളുള്ളതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ പരസ്യമായി സമ്മതിച്ചിരുന്നു. എന്നിട്ടും ഇത്തരമൊരു നിയമം നടപ്പാക്കിയതിന് പിന്നിൽ ജനകീയ സമരങ്ങളെ അടിച്ചമർത്തൽ മാത്രമാണ് ലക്ഷ്യമിടുന്നത്.
ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ മൂന്നിന് ആസാദ് മൈതാനിയിൽ സിപിഐ എം ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രതിപക്ഷ പാർടി നേതാക്കളായ സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ഉദ്ധവ് താക്കറെ തുടങ്ങിയവർ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിൽ സഭയിലെത്തിയപ്പോൾ സിപിഐ എം ഒഴികെ ഒരു പ്രതിപക്ഷ പാർടിയും എതിർത്തില്ല. തെറ്റ്‌തിരുത്തി നിയമസഭ കൗൺസിലിൽ ബില്ലിനെ പ്രതിപക്ഷം എതിർത്തത് സ്വാഗതാർഹമാണെന്നും ധാവ്‌ളെ പറഞ്ഞു.
ശക്തിപീഠ് ഹൈവേയ്ക്കുവേണ്ടി ബലമായി ഭൂമിയേറ്റടുക്കുന്നതിനെതിരെ പാർടി പോരാട്ടത്തിലാണ്. ധാരാവി, വാധ്വാൻ തുറമുഖം, ഗഡ്ചിരോളി, ചന്ദ്രപുർ എന്നിവിടങ്ങളിലെ ആളുകളെ കുടിയിറക്കിയുള്ള ഖനനം എന്നിവയെയും എതിർക്കുന്നു. ഗഡ്ചിരോളി, ചന്ദ്രപുർ എന്നിവിടങ്ങളിൽ ഭൂമിയേറ്റെടുക്കൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ബില്ലവതരിപ്പിച്ചത്. നിയമവിരുദ്ധ പ്രവർത്തനം എന്തെന്ന് കൃത്യമായി ബില്ലിൽ നിർവചിക്കാത്തത് ദുരുപയോഗത്തിന് കാരണമാകും. വിമർശിച്ച് പ്രസംഗിക്കുന്നതും നിയമവിരുദ്ധ പ്രവർത്തനമാകും. ജില്ലാ മജിസ്‌ട്രേറ്റിന് സ്വത്തുപിടിച്ചെടുത്ത് ആരെയും ഇറക്കിവിടാം. കീഴ്‌കോടതികളിൽ അപ്പീൽ നൽകുന്നതും ബിൽ വിലക്കുന്നു.









0 comments