യുപി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വാതക ചോർച്ച; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു രോഗി മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഷാജഹാൻപൂർ പട്ടണത്തിലെ മെഡിക്കൽ കോളേജിലാണ് ഞായറാഴ്ച അപകടമുണ്ടായത്.
മരണം ജില്ലാ ഉദ്യോഗസ്ഥർ നിഷേധിച്ചു. മരിച്ചയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചതാണെന്നും ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ അവകാശവാദം.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രോഗികൾ വാർഡിൽ നിന്ന് ഓടിപ്പോകാൻ തുടങ്ങിയതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
തിക്കിലും തിരക്കിലും നിരവധി രോഗികള്‍ നിലത്ത് വീണതായും പരിക്കേറ്റതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ പ്ലാന്റിലെ തകരാറുമൂലമാകാം ചോർച്ചയുണ്ടായതെന്നാണ് സൂചന. ഫോർമാലിൻ പുക മൂലമാണ് ചോർച്ചയുണ്ടായതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.









0 comments