ഹൈദരാബാദിൽ ഇലക്ട്രോണിക്സ് ഷോറൂമിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ഹൈദരാബാദ് : ഹൈദരാബാദിൽ ഇലക്ട്രോണിക്സ് ഷോറൂമിൽ വൻ തീപിടിത്തം. ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തിങ്കൾ രാത്രിയാണ് ഷോറൂമിനകത്ത് തീപിടിച്ചത്. തുടർന്ന് തീ രണ്ടു നിലകളിലേക്കും പടർന്നു. തീപിടിത്തത്തിന്റെ ഫലമായി കെട്ടിടത്തിൽ സ്ഫോടനമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനും തീപിടിച്ചു.
തീപിടിത്തത്തിൽ ഒരാൾ മരിച്ചതായും ഇലക്ട്രോണിക്സ് കട ഉടമ ഉൾപ്പെടെ ഏഴ് പേർക്ക് പൊള്ളലേറ്റതായും മൊഗൽപുര പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പത്ത് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് പറഞ്ഞു. ഷോറൂമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ചു.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ദക്ഷിണ മേഖല) കിരൺ ഖരെ പ്രഭാകർ മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്തത്തിന്റെയും തുടർന്നുള്ള സ്ഫോടനത്തിന്റെയും കൃത്യമായ കാരണം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.









0 comments