ഒന്നും പറയാനില്ല; രാഹുലിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുങ്ങി ഷാഫി പറമ്പിൽ

കോഴിക്കോട് : ഗുരുതരമായ ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുങ്ങി ഷാഫി പറമ്പിൽ. കഴിഞ്ഞ ദിവസം രാഹുലിനെതിരെ ലൈംഗിക ചൂഷണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്കാണ് പ്രതികരിക്കാനില്ലെന്ന് ഷാഫി പറഞ്ഞത്. രാഹുലിന്റെ പേര് പോലും പരാമർശിക്കാതെ, വിഷയത്തിൽ പാർടി വേണ്ടത് നേരത്തെ ചെയ്തിട്ടുണ്ടെന്നാണ് ഷാഫി പറഞ്ഞത്. വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല. പാർടി ചെയ്യേണ്ട കാര്യങ്ങൾ ചെയിതിട്ടുണ്ട്. ഇനി കൂടുതൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ അതും പാർടി ചെയ്യും. കൂടുതൽ പ്രതികരണങ്ങൾ നടത്തണമെങ്കിലും പാർടി ആലോചിച്ചിട്ട് കാര്യങ്ങൾ ചെയ്യും- ഷാഫി പറഞ്ഞു. ഉടൻ തന്നെ മറ്റ് വിഷയങ്ങൾ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ചോദ്യം തുടർന്നതോടെ മറുപടി പറയാതെ ഷാഫി പോവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുമ്പ് ഗുരുതര ആരോപണം ഉയർന്നപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് ഷാഫി സ്വീകരിച്ചത്. മുതിർന്ന നേതാക്കളടക്കം രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പട്ടപ്പോഴും അന്നും അടുത്ത അനുയായിയായ രാഹുലിനെ സംരക്ഷിക്കുകയായിരുന്നു ഷാഫി.
കഴിഞ്ഞ ദിവസം രാഹുൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു. ആദ്യം ഗർഭിണിയാകാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയും പിന്നീട് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ ശക്തമായ തെളിവുകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ഗർഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ട് യുവതിക്ക് രാഹുൽ അയച്ച വാട്സാപ്പ് സന്ദേശവും പുറത്തുവന്നു. എന്നാൽ പിന്നീടാണ് രാഹുൽ കാലുമാറുന്നത്. ഗർഭഛിദ്രം നടത്തണമെന്ന് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടു. കുട്ടി വേണമെന്നുള്ളത് രാഹുലിന്‍റെ പ്ലാന്‍ ആയിട്ടും എന്തിനാണ് ഇപ്പോള്‍ മാറുന്നത് എന്തിനെന്ന് യുവതി ചോദിക്കുന്നുണ്ട്. ഇതിന് ഉത്തരം നല്‍കാതെ യുവതിയെ അസഭ്യംപറയുകയാണ് രാഹുല്‍ ചെയ്തത്.
പുറത്തുവന്ന ശബ്ദരേഖകൾ തന്റേതല്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിക്കാൻ മാങ്കൂട്ടത്തിൽ തയ്യാറായില്ല. തന്നോട് ചോദിച്ചിട്ടാണോ മാധ്യമങ്ങൾ ശബ്ദരേഖ കൊടുത്തതെന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാൽ ശബ്ദരേഖ കളവാണെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാമല്ലോ എന്ന് മാധ്യമപ്രവർത്തകർ തിരിച്ച് ചോദിച്ചപ്പോൾ അത് താൻ നോക്കിക്കോളാം എന്ന് പറഞ്ഞ് രാഹുൽ ഒഴിഞ്ഞുമാറി. കോൺഗ്രസിലെ വനിതാ നേതാക്കളുൾപ്പെടെ ഗുരുതര പരാതികളുമായി വന്നതോടെ രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായും എംഎൽഎയുമായി പാർടിക്ക് ഒരു ബന്ധവുമില്ലെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസ് പരിപാടികളിൽ സജീവമാണ് രാഹുൽ.








0 comments