'സീറ്റും സ്ഥാനവും വിറ്റു'; കാസർകോട് ഡിസിസി വൈസ് പ്രസിഡന്റ് രാജിവെച്ചു

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പണം വാങ്ങി സീറ്റുകൾ വിറ്റെന്ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി കാസർകോട് ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കൽ രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുകൾ വിൽപന നടത്തിയതിനു പുറമേ, സംഘടനയിൽ ബൂത്ത് പ്രസിഡന്റ് പദവി മുതലുള്ള സ്ഥാനങ്ങൾക്കും പണം വാങ്ങിയിട്ടുണ്ടെന്നും ജയിംസ് ആരോപിച്ചു.
കെ എം മാണിയുടെ മരുമകൻ ജോസഫിന് പി കെ ഫൈസൽ നൽകിയ വണ്ടിച്ചെക്ക് കേസ് ഒത്തുതീർപ്പാക്കുന്നതിനു വേണ്ടിയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ സ്ഥാനാർഥി പട്ടികയിലുള്ള എല്ലാവരിൽനിന്നും പല ഘട്ടങ്ങളിലായി പണം പിരിച്ചെടുത്തത്. ഈസ്റ്റ് എളേരിയിൽ തനിക്കൊപ്പമുള്ള ആറു പേർ പത്രിക നൽകിയിരുന്നു. ഇവരിൽ നാലുപേർക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കുമെന്ന് നേതൃത്വം ഉറപ്പുനൽകിയെങ്കിലും ഒരാൾക്ക് മാത്രമാണ് ചിഹ്നം നൽകിയത്. ചിഹ്നം നിഷേധിക്കപ്പെട്ട ഈ സീറ്റിൽ വിമത സ്ഥാനാർഥിയെ കെട്ടിയിറക്കി തോൽവി ഉറപ്പാക്കാനും നേതൃത്വം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അഭിപ്രായഭിന്നതയെ തുടർന്ന് കോൺഗ്രസുമായി തെറ്റി, രൂപീകരിച്ച ഡിഡിഎഫ് എന്ന സംഘടന മൂന്നു തവണ ഈസ്റ്റ് എളേരിയിൽ അധികാരത്തിലെത്തിയിരുന്നു. പിന്നീട് കോൺഗ്രസുമായി ധാരണയുണ്ടാക്കിയതിന് ശേഷമാണ് പാർട്ടിയിലേക്ക് തിരികെ പ്രവേശിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ പാർടി വിരുദ്ധപ്രവർത്തനം നടത്തിയവർക്കൊപ്പമാണ് കോൺഗ്രസ് നിന്നത്. എൽഡിഎഫിന് ആറ് വാർഡുകൾ ലഭിക്കും വിധം വാർഡ് വിഭജനം നടത്തുന്നതിന് പാർടി കൂട്ടുനിന്നു. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിലുണ്ടായ സംഘർഷവും ഫൈസലിന്റെ നേതൃത്വത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും ജയിംസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments