ഡൽഹിയിൽ മലിനീകരണത്തിന് ശമനമില്ല; വളരെ മോശം വിഭാഗത്തിൽ തുടരുന്നു

ന്യൂഡൽഹി : ചൊവ്വാഴ്ചയും രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വളരെ മോശമായി തുടരുന്നു. ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ ചാര മേഘങ്ങളും ഡൽഹിയിലെത്തിയത് ആശങ്ക വർധിപ്പിച്ചു. നഗരത്തിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്.
ഇത്യോപ്യയിലെ അഫാർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. ഇതോടെ ഏകദേശം 14 കിലോമീറ്റർ ഉയരത്തിൽ പുക വ്യാപിച്ചു. ചാരമേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നുണ്ടെന്നും ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെ ഇന്ത്യയിൽ നിന്ന് അകന്നുപോകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഗുജറാത്ത്, ഡൽഹി-എൻസിആർ, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ചാര മേഘങ്ങൾ പ്രത്യക്ഷപ്പെട്ടത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തിറക്കിയ രാവിലെയുള്ള വായു ഗുണനിലവാര ബുള്ളറ്റിൻ പ്രകാരം ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക (എക്യുഐ) 360 ൽ 'വളരെ മോശം' വിഭാഗത്തിൽ തുടർന്നു. തിങ്കളാഴ്ച 382 ആണ് രേഖപ്പെടുത്തിയത്. സിപിസിബി വികസിപ്പിച്ച സമീർ ആപ്പ് പ്രകാരം, നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ രോഹിണിയിൽ വായു ഗുണനിലവാരം 416 ആയി രേഖപ്പെടുത്തി. ഇത് 'ഗുരുതരമായ'വിഭാഗത്തിലാണ്.
അടുത്ത കുറച്ച് ദിവസങ്ങളിൽ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സിപിസിബിയുടെ കണക്കനുസരിച്ച്, 0 നും 50 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക 'നല്ലത്', 51 നും 100 നും ഇടയിലുള്ള വായു ഗുണനിലവാര സൂചകം 'തൃപ്തികരമാണ്', 101 നും 200 നും ഇടയിലുള്ള വായു ഗുണനിലവാര സൂചകം 'മിതമായത്', 201 നും 300 നും ഇടയിലുള്ള വായു ഗുണനിലവാര സൂചകം 'മോശം', 301 നും 400 നും ഇടയിലുള്ള വായു ഗുണനിലവാര സൂചകം 'വളരെ മോശം', 401 നും 500 നും ഇടയിലുള്ള വായു ഗുണനിലവാര സൂചകം 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
കാലാവസ്ഥയിൽ, ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില ചൊവ്വാഴ്ച 9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. സീസണിലെ ശരാശരിയേക്കാൾ 2.3 ഡിഗ്രി താഴെയാണിത്. പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്. മൂടൽമഞ്ഞും ഉണ്ടാകുമെന്ന് പ്രവചനമുണ്ട്.









0 comments