മരിച്ചെന്ന് കരുതിയ വയോധികയ്ക്ക് സംസ്കാരത്തിന് മുമ്പ് പുനർജന്മം

thailand

വയോധികയെ ആശുപത്രിയിലേക്ക് മാറ്റുന്നു |ചിത്രം എപി  

വെബ് ഡെസ്ക്

Published on Nov 25, 2025, 01:36 PM | 1 min read

ബാങ്കോക്ക്: തായ്ലൻഡിൽ മരിച്ചെന്ന് കരുതി സംസ്കാരം നടത്തുന്നതിനായി ബുദ്ധക്ഷേത്രത്തിലെത്തിച്ച വയോധികയുടെ ശവപ്പെട്ടിക്കുള്ളിൽ നിന്നും തട്ടുന്ന ശബ്ദം. ക്ഷേത്രം അധികൃതർ പെട്ടി പരിശോധിച്ചപ്പോൾ കൈകളും തലയും ചെറുതായി ചലിപ്പിക്കാൻ ശ്രമിക്കുന്ന സ്ത്രീയെ കണ്ടതോടെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബാങ്കോക്കിലെ നോന്താബുരി പ്രവിശ്യയിലെ വാട്ട് റാറ്റ് പ്രകോങ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് സംഭവം.ഏകദേശം രണ്ട് വർഷമായി കിടപ്പിലായിരുന്നു വയോധിക. അവയവങ്ങൾ ദാനം ചെയ്യാൻ ഇവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് പ്രതികരിക്കാതിരിക്കുകയും രണ്ട് ദിവസം മുമ്പ് ശ്വാസമെടുക്കുന്നത് നിലച്ചതായി തോന്നുകയും ചെയ്തതോടെ വയോധിക മരിച്ചന്ന് കരുതി. ഇവരുടെ അന്ത്യാഭിലാഷം പൂർത്തിയാക്കുന്നതിനായി ഇവരുടെ നേത്രദാനത്തിനായി സഹോദരൻ 500 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലെ ഒരു ആശുപത്രിയിലെത്തിച്ചു.


എന്നാൽ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ ആവശ്യം നിരസിച്ചു. തുടർന്നാണ് സൗജന്യമായി ശവസംസ്കാരം നടത്താറുള്ള ക്ഷേത്രത്തിൽ എത്തിയത്. ആവശ്യമായ രേഖ ഇല്ലാത്തതിനാൽ അതും നിരസിക്കപ്പെട്ടു. മരണ സർട്ടിഫിക്കറ്റ് എങ്ങനെ നേടാമെന്ന് വിശദീകരിക്കുന്നതിനിടയിലാണ് പെട്ടിക്കുള്ളിൽ നിന്ന് മുട്ടൽ കേട്ടതെന്ന് ക്ഷേത്ര മാനേജർ പറഞ്ഞു. തുടർന്ന് അവർ സ്ത്രീയെ പരിശോധിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇനിയുള്ള അവരുടെ ചികിത്സാ ചെലവുകൾ ക്ഷേത്രം വഹിക്കുമെന്ന് മഠാധിപതി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home