ബൈക്കിൽ സഞ്ചരിക്കവെ അജിത് പവാറിന്റെ വാഹന വ്യൂഹത്തിനടിയിൽപ്പെട്ട യുവതി മരിച്ചു, ഭർത്താവും മക്കളും ഗുരുതരാവസ്ഥയിൽ

ലാത്തൂർ: കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വാഹനവ്യൂഹത്തിനടിയിൽ അകപ്പെട്ട് പരിക്കേറ്റ കുടുംബത്തിലെ യുവതി മരിച്ചു. ഭർത്താവും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും ചികിത്സയിൽ തുടരുന്നു.
നവംബർ 22 ന് ധരൂർ തഹ്‌സിലിലെ തെൽഗാവ്-ധരൂർ റോഡിലാണ് അപകടമുണ്ടായത്. നാലുപേരും ചികിത്സയിൽ തുടരുകയായിരുന്നു.
ജൽന ജില്ലയിലെ പാർട്ടൂരിൽ ലാത്തൂർ ജില്ലയിലെ ഔസയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഉപ മുഖ്യമന്ത്രി പവാറിന്റെ വാഹനവ്യൂഹത്തിലെ ഫയർ ബ്രിഗേഡ് വാഹനം ദമ്പതികളും രണ്ട് പെൺമക്കളും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വിഷ്ണു സുഡെ (35), ഭാര്യ കുസും (30), 3 ഉം 7 ഉം വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവർക്കാണ് പരിക്കേറ്റിരുന്നതെന്ന് ധരൂർ പോലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ നാലുപേരെയും ധരൂർ റൂറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പിന്നീട് ലാത്തൂരിലെ സഹ്യാദ്രി ആശുപത്രിയിലേക്ക് മാറ്റി.
കുസുമിന്റെ നില അതീവ ഗുരുതരമായി തുടരുകയും ചൊവ്വാഴ്ച രാവിലെ ചികിത്സയിലിരിക്കെ അവർ മരിക്കുകയും ചെയ്തു.
അഗ്നിശമന സേനയുടെ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ അശ്രദ്ധമായ ഡ്രൈവിംഗിന് പോലീസ് കേസെടുത്തു.









0 comments