രക്ഷാ ദൗത്യത്തിന് പോയവർ നിലയത്തിൽ കുടുങ്ങി, തിരിച്ചെത്തിക്കാൻ പുതിയ പേടകമയച്ച് ചൈന

ചൈനീസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിച്ചു എങ്കിലും രക്ഷാ പ്രവർത്തനത്തിന് അയച്ച ദൗത്യ സംഘത്തിന്റെ മടക്കയാത്ര യാത്ര പ്രതിസന്ധിയിലായി. ഇവരെ തിരികെ കൊണ്ടുവരാൻ ചൈന ചൊവ്വാഴ്ച ഷെൻഷോ 22 ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു.
ഈ മാസം ആദ്യം ഷെൻഷോ 20 ദൗത്യത്തിൽ നിലയത്തിലെത്തിയ യാത്രികരുടെ മടക്കയാത്ര മുടങ്ങിയത് വലിയ വാർത്തയായിരുന്നു. അവർ നിലയത്തിലെത്തിയ പേടകത്തിന്റെ ജനാലയ്ക്ക് കേടുപാടുകൾ സംഭവിച്ചതായിരുന്നു കാരണം. അനിശ്ചിതത്വത്തിനൊടുവിൽ പുതിയ ഷെൻഷോ 21 ബഹിരാകാശ പേടകം അയച്ചാണ് അവരെ തിരിച്ചെത്തിച്ചത്. അവർ ഭൂമിയിലേക്ക് മടങ്ങുന്നതിൽ ഒമ്പത് ദിവസത്തെ കാലതാമസം നേരിട്ടു.
മൂന്ന് പേരടങ്ങുന്ന സംഘം അത്രയും ദിവസങ്ങൾക്ക് ശേഷം സുരക്ഷിതമായ തിരിച്ചെത്തി. എങ്കിലും അവരെ തിരികെയെത്തിക്കാൻ ഷെൻഷോ 21 പേടകത്തിൽ അയച്ച അടുത്ത മൂന്നു പേരും അടിയന്തര സാഹചര്യത്തിൽ തിരിച്ചെത്താൻ മാർഗമില്ലാതെ നിലയത്തിൽ അവശേഷിച്ചു. അവർക്കായാണ് ചൊവ്വാഴ്ച അടുത്ത നിര പേടകം അയച്ചത്.
ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങ് അന്താരാഷ്ട്ര നിലയത്തെക്കാൾ ചെറുതാണ്. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ നിലയത്തിൽ അധികമായി പേടകം ഉണ്ടാവുമെങ്കിലും നേരത്തെ ഇതിന്റെ ജാലകത്തിലെ തകരാർ പ്രതിസന്ധി സൃഷ്ടിച്ചു.
തകരാറിലായ ഷെൻഷോ 20 ബഹിരാകാശ പേടകം നിലവിൽ ബഹിരാകാശത്ത് തുടരുകയാണ്. ഇതിനെ പിന്നീട് ഭൂമിയിലേക്ക് ഇറക്കി വിലയിരുത്തുമെന്ന് ചൈന സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു.
ചൈനയുടെ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ പദ്ധതിയുടെ ഭാഗമായി യാത്രകൾ സാധാരണമാവുകയാണ്. ടിയാൻഗോങ് ബഹിരാകാശ നിലയം ഓരോ മൊഡ്യൂളുകളായാണ് നിർമ്മിച്ചത്. ഷെൻഷോ പേടകങ്ങൾ സാധാരണ പോലെ പേടകത്തിലേക്ക് പോയി വരുന്നു.

ചൈനയിലെ ഗോബി മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് ഷെൻഷോ 22 ബഹിരാകാശ പേടകം ലോംഗ് മാർച്ച് 2F/G റോക്കറ്റിലേറ്റി വിക്ഷേപിച്ചത്.
ചൈനയുടെ ബഹിരാകാശ പദ്ധതി നിയന്ത്രിക്കുന്നത് സൈന്യമാണ്. സുരക്ഷാ കാരണങ്ങളാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ചൈനയെ ഒഴിവാക്കിയതിന് ശേഷമാണ് ചൈന വളരെ പെട്ടെന്ന് ടിയാൻഗോങ് നിലയം വികസിപ്പിച്ചത്.
"സ്വർഗ്ഗീയ കൊട്ടാരം" എന്നർത്ഥം വരുന്ന ടിയാൻഗോങ് 2021 ൽ അതിന്റെ ആദ്യ സംഘത്തിന് ആതിഥേയത്വം വഹിച്ചു. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം 25 വർഷമായി പ്രവർത്തിക്കുന്നതാണ്.

ആദ്യ സംഘത്തെ കുരുക്കിയത് അജ്ഞാത വസ്തു
ഒക്ടോബർ 31 ന് ഷെൻഷോ 20 യിലാണ് യാത്ര മുടങ്ങിയ ആദ്യ സംഘത്തിലെ മൂന്ന് യാത്രികരും നിലയത്തിൽ എത്തിയത്. നവംബർ 5 ന് ഭൂമിയിലേക്ക് മടങ്ങാൻ നിശ്ചയിച്ചു. ഷെൻഷോ 20 ക്രൂവിനുള്ള പുറപ്പെടൽ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു. അവർ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഷെൻഷോ 20 ബഹിരാകാശവാഹനത്തിൽ അവശിഷ്ടങ്ങൾ ഇടിച്ചു. ജനാലകൾ തകരാറിലായി. ഈ പേടകം ഇപ്പോഴും നിലയത്തോട് ഡോക്ക് ചെയ്ത നിലയിലാണ്.









0 comments