ശബരിമലയിൽ അന്നദാനത്തിന് ഇനി സദ്യയും

ശബരിമല: ശബരിമലയിൽ അന്നദാനത്തിന് ഇനി സദ്യയുമുണ്ടാകും. ഉച്ചഭക്ഷണത്തിന് പായസത്തോട് കൂടിയുള്ള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. പന്തളത്തെ അന്നദാനത്തിൽ കാലക്രമേണ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ മെനുവിലുൾപ്പെട്ട പുലാവും സാമ്പാറും മാറ്റും. ഉച്ചയ്ക്ക് ഈ മെനുവിന് പകരം പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യ ഏർപ്പെടുത്തും. ദേവസ്വം കമീഷണറിന് ഇക്കാര്യത്തിൽ നിർദേശം നൽകി. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും ജയകുമാർ പറഞ്ഞു.
ശബരിമലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതായും നിലവിൽ തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഒരു ലക്ഷത്തിലേറെ തീർഥാടകർ സന്നിധാനത്തെത്തിയിരുന്നു. കൃത്യമായ ഏകീകരണത്തിലൂടെ എല്ലാവർക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ കഴിഞ്ഞു. എരുമേലിയിൽ കൂടി സ്പോട്ട് ബുക്കിങ് ആരംഭിക്കും.
ശബരിമല മാസ്റ്റർ പ്ലാനിലെ പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ ശബരിമലയിലെ അടുത്ത തീർഥാടന കാലത്തേക്കുള്ള തയാറെടുപ്പുകൾ നടത്താനാകൂ. അത് സമയ ബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കും. ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി യോഗം വിളിക്കും. ഡിസംബർ 18ന് ബോർഡ് അവലോകന യോഗം ചേരുമെന്നും കെ ജയകുമാർ അറിയിച്ചു.








0 comments