മണ്ഡലകാലം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഒരാഴ്ച നടത്തിയത് 350 പരിശോധന, 60 സ്ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം ആരംഭിച്ചത് മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ ഭക്ഷ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 350 പരിശോധനകൾ നടത്തി. ന്യൂനതകൾ കണ്ടെത്തിയ 60 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 292 ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഭക്ഷ്യ സംരംഭകർക്ക് എട്ട് ബോധവൽക്കരണ പരിപാടികളും രണ്ട് ലൈസൻസ് രജിസ്‌ട്രേഷൻ മേളകളും സംഘടിപ്പിച്ചു.
തീർത്ഥാടകർ കൂടുതലെത്തുന്ന സ്ഥലങ്ങളിലും ഇടത്താവളങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തിയത്. ഇത് കൂടാതെ സംസ്ഥാന വ്യാപകമായും പരിശോധനകൾ നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.
മണ്ഡലകാലത്തോടനുബന്ധിച്ച് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ലാബ് സജ്ജീകരിച്ച് പരിശോധനകൾ നടത്തിവരുന്നു. അപ്പം, അരവണ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാര പരിശോധന പമ്പയിൽ പ്രവർത്തിക്കുന്ന ലാബിൽ നടത്തിവരുന്നു.
നിലയ്ക്കലും എരുമേലിയിലും സജ്ജമാക്കിയിട്ടുള്ള ഫുഡ് സേഫ്റ്റി ഓൺ വീൽസ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി ശേഖരിച്ചിട്ടുള്ള ഭക്ഷ്യ സാമ്പിളുകൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തുന്നു. ഇത് കൂടാതെ പത്തനംതിട്ടയിൽ ആരംഭിച്ച ജില്ലാ ഭക്ഷ്യസുരക്ഷാ ലാബിലും ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനകൾ തിരുവനന്തപുരം ലാബിലും നടത്തുന്നുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ളാഹ, എരുമേലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നു. ഭക്ഷ്യസംരംഭകർക്ക് ആവശ്യമായ ശുചിത്വ പരിപാലനം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ചുള്ള അവബോധം നൽകുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു. തീർത്ഥാടകർക്കും ഭക്ഷ്യ സംരംഭകർക്കും ഭക്ഷ്യസുരക്ഷാ അവബോധം നൽകുന്നതിന് ആറു ഭാഷകളിലായി അച്ചടിച്ച ബോധവത്ക്കരണ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്.









0 comments