വീടുകളിൽ കയറരുതെന്ന് നേതാക്കൾ പറഞ്ഞിട്ടില്ലെന്ന് മാങ്കൂട്ടത്തിൽ; ശബ്ദരേഖയിൽ ഇന്നും ഉത്തരമില്ല

Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ

വെബ് ഡെസ്ക്

Published on Nov 25, 2025, 06:18 PM | 1 min read

പാലക്കാട്: ലൈം​ഗികചൂഷണ ആരോപണം ബലപ്പെടുത്തി പുതിയ ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലും യുഡിഎഫ് സ്ഥാനാർഥികൾക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ മാങ്കൂട്ടത്തിൽ പ്രചാരണത്തിനിറങ്ങരുതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മാങ്കൂട്ടത്തിൽ വീടുകളിൽ കയറി വോട്ട് ചോദിച്ചാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ജില്ലയിലെ നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ‌ ഇതൊന്നും വകവെക്കാതെയാണ് മാങ്കൂട്ടത്തിൽ ശേഖരിപുരത്ത് വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചത്.


സ്ഥാനാർഥികൾക്കുവേണ്ടി വീട് കയറരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തന്നോട് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കോൺ​ഗ്രസിനും യുഡിഎഫിനുംവേണ്ടി പ്രചാരണം നടത്തുമെന്നും മാധ്യമങ്ങളോട് മാങ്കൂട്ടത്തിൽ പറഞ്ഞു. എന്നാൽ പുറത്തുവന്ന ശബ്ദരേഖ നിഷേധിക്കാനോ അതേക്കുറിച്ചുള്ള ചോ​ദ്യങ്ങളോട് പ്രതികരിക്കാനോ മാങ്കൂട്ടത്തിൽ ഇന്നും തയ്യാറായില്ല.


മാങ്കൂട്ടത്തിലിനെ പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടി അങ്ങനെതന്നെ നിൽക്കുകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. പാർടി നടപടി നേരിട്ടയാൾ എങ്ങനെയാണ് തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് ഉത്തരംനൽകി ഒഴിഞ്ഞുമാറി. അതേസമയം, കോൺ​ഗ്രസിന്റെ ഒരു ഔദ്യോ​ഗിക പരിപാടികളിലും ഇനി മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ലെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home