അസം നിയമസഭയിലും ഗായകൻ സുബിൻ ഗാർഗി വിഷയം; കൊലപാതകം വളരെ എളുപ്പത്തിൽ സംഘം നടത്തിയതെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബിൻ ഗാർഗിന്റെ മരണം അസം നിയമസഭയിലും ചർച്ചയായി. ഗായകന്റേത് വളരെ എളുപ്പത്തിൽ നടത്തിയ കൊലപാതകണമെന്നും ഒരാൾ സുബിൻ ഗാർഗിനെ കൊലപ്പെടുത്തുകയും മറ്റുള്ളവർ അതിന് സഹായിക്കുകയും ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപേരെ കഴിഞ്ഞ മാസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ ചീഫ് ഓർഗനൈസർ ശ്യാംകനു മഹാന്ത, സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, സുബീന്റെ ബന്ധുവും പൊലീസ് ഓഫീസറുമായ സന്ദീപൻ ഗാർഗ്, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരായ (പിഎസ്ഒ) നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവരെയാണ് കാംരൂപ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കസ്റ്റഡിയിൽ വിട്ടത്. തടവുകാർ കുറവുള്ള ജയിലിലേക്ക് ഇവരെ അയയ്ക്കണമെന്നും കോടതി പറഞ്ഞു. മുസൽപൂരിലെ ബക്സ ജയിലിലേക്ക് ഇവരെ മാറ്റുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ ഒന്നിന് ഡൽഹിയിൽ വെച്ചാണ് മഹന്തയെയും ശർമ്മയെയും അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന, അശ്രദ്ധ മൂലമുള്ള മരണത്തിന് കാരണക്കാരൻ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്. പിന്നീട് കൊലപാതകക്കുറ്റം കൂടി ചേർത്തു. സുബീൻ ഗാർഗിന്റെ ബന്ധുവും അസം പൊലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗിനെ ഒക്ടോബർ 8 നാണ് അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റ് ചെയ്ത അന്നു തന്നെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സുബീനൊപ്പം സിംഗപ്പൂരിലേക്ക് പോയ സംഘത്തിലും സുബീന്റെ അവസാന ബോട്ട് യാത്രയിലും സന്ദീപൻ ഒപ്പമുണ്ടായിരുന്നു. രണ്ട് പിഎസ്‌ഒമാരെ ഒക്ടോബർ 10 നാണ് അറസ്റ്റ് ചെയ്തത്.

ഇവർക്കു പുറമെ സുബീന്റെ ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, ഗായകൻ അമൃത്പ്രവ മഹന്ത എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ വഴി വൻതോതിൽ 'ബിനാമി' സ്വത്തുക്കൾ സമ്പാദിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശ്യാംകനു മഹന്തയ്‌ക്കെതിരെ സിഐഡി പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുബീന്റെ മരണം അന്വേഷിക്കാൻ അസം സർക്കാർ 10 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മഹന്ത, ശർമ്മ എന്നിവർക്കെതിരെ സംസ്ഥാനത്തുടനീളം 60 ലധികം എഫ്‌ഐആറുകൾ ഫയൽ ചെയ്തു. തുടർന്ന് എല്ലാ എഫ്‌ഐആറുകളും സിഐഡിക്ക് കൈമാറാനും സമഗ്രമായ അന്വേഷണത്തിനായി ഏകീകൃത കേസ് രജിസ്റ്റർ ചെയ്യാനും മുഖ്യമന്ത്രി ഡിജിപിയോട് നിർദ്ദേശിച്ചു.
സെപ്തംബർ 19നാണ് ദുരൂഹ സാഹചര്യത്തിൽ ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്. എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്നും സിംഗപ്പുർ മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തെ നോർത്ത് ഇൗസ്റ്റ് മേളയ്‌ക്കായാണ് അസം സ്വദേശിയായ ഗായകൻ സിംഗപ്പൂരിലെത്തിയത്.
സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക് ചുവടുവച്ച സുബീൻ നിരവധി ഹിറ്റ് ഗാനങ്ങൾ അവതരിപ്പിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ഗാർഗ് ആയിരുന്നു.
നിരവധി ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ഗാർഗ് സംഗീത സംവിധായകൻ, ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സുബീന്റെ വിയോഗത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. ഫാഷൻ ഡിസൈനർ ഗരിമ സൈക്യ ഗാർഗാണ് സുബീന്റെ ജീവിതപങ്കാളി.









0 comments