കള്ളാറിൽ കളം നിറഞ്ഞ് റീന തോമസ്

ടി കെ നാരായണൻ
Published on Nov 25, 2025, 03:00 PM | 1 min read
കള്ളാർ
മലയോരത്തെ കുടിയേറ്റ കേന്ദ്രമായ ചുള്ളിക്കര ടൗണിലെ ഗുഡ്‌ഷെപ്പേർഡ് പിഎസ്‌സി പരീക്ഷാ പരിശീലനകേന്ദ്രത്തിൽനിന്നാണ് റീന തോമസ് തിങ്കളാഴ്‌ച പര്യടനം ആരംഭിച്ചത്. സ്ഥാനാർഥി എത്തുന്പോഴേക്കും അന്പതിലധികം ഉദ്യോഗാർഥികളുണ്ട്. എല്ലാവർക്കും അരികിലെത്തി സ്ഥാനാർഥി പരിചയപ്പെട്ടു. രണ്ടുവാക്കിലൊതുങ്ങുന്ന സ്വയം പരിചയപ്പെടുത്തൽ. രണ്ടിലയാണ് ചിഹ്നമെന്നും മറക്കരുതെന്നും ഓർമപ്പെടുത്തൽ. ‘‘നിങ്ങളെല്ലാവരും നാളത്തെ സർക്കാർ ജോലിക്കാരാവണേ എന്നാണ് എന്റെ പ്രാർഥന’’– സ്ഥാനാർഥിയുടെ കമന്റിന് പിന്നാലെ ഉയർന്ന ചിരിക്കൊപ്പം ഉദ്യോഗാർഥികളും ചേർന്നു. ‘‘എല്ലാരും വന്നാട്ടെ... നമുക്കൊരു സെൽഫിയെടുക്കാം’’– ഇൗ അഭ്യർഥനയിൽ സ്ഥാനാർഥി അപരിചിതത്വത്തെ മായ്‌ച്ചുകളഞ്ഞു. സ്ഥാനാർഥിക്കൊപ്പം എല്ലാവരും നിറഞ്ഞചിരിയോടെ പോസ് ചെയ്‌തു. വോട്ടഭ്യർഥനക്കിടെ പിഎസ്‌സി നിയമനങ്ങളുടെ കാര്യം ഓർമപ്പെടുത്തുന്നുണ്ട് സ്ഥാനാർഥി. പിഎസ്‌സി വഴി എറ്റവുമധികം നിയമനം നൽകിയ സർക്കാരാണിതെന്ന് ചുരുക്കം വാക്കുകളിൽ ഓർമിപ്പിക്കുന്നു. കഴിഞ്ഞ തവണ നിങ്ങൾ ഇവിടെ നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫിനെ വിജയിപ്പിച്ചു. നാടിന്റെ വികസനത്തിന് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന്റെ ഭരണതുടർച്ചക്കായി സഹായിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തി യാത്രപറഞ്ഞു. തുടർന്ന് ചുള്ളിക്കര സ്‌പെഷ്യൽ സ്‌കൂളിലും സെന്റ് ജോസഫ് കോൺവെന്റിലും ഓട്ടപ്രദക്ഷിണം. ചുള്ളിക്കരയിലെ അറുപതിലധികം കടകളും സ്ഥാപനങ്ങളിലും കയറിയിറങ്ങി വോട്ടുചോദിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കോടോം ഡിവിഷൻ സ്ഥാനാർഥി സിനു കുര്യാക്കോസ്, കോടോം ബേളുർ പഞ്ചായത്ത് നാലാം വാർഡ് സ്ഥാനാർഥി സജിമോൾ വർഗീസ്, കള്ളാർ 13ാം വാർഡ് സ്ഥാനാർഥി റിജ സജി എന്നിവരും ചുള്ളിക്കര ടൗണിൽ റീന തോമസിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ആടകത്തെ തൊഴിലുറപ്പുകാർ പണിയെടുക്കുന്ന സ്ഥലത്തെത്തി. സ്ഥാനാർഥിയെ കണ്ടതോടെ എല്ലാവരും അരികിലെത്തി. നമ്മളെ ജയിക്കൂ എന്ന ഉറപ്പുമായി തൊഴിലാളികൾ സ്‌നേഹം പങ്കിട്ടു. എൽഡിഎഫിലെ ഷിനോജ് ചാക്കോ മിന്നുന്ന വിജയം നേടിയ ഡിവിഷനാണിത്. 27, 28, 29 തീയതികളിലാണ് റീന തോമസിന്റെ പൊതുപര്യടനം.









0 comments