അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

volcano erruption flight service
വെബ് ഡെസ്ക്

Published on Nov 25, 2025, 03:05 PM | 1 min read

ന്യൂഡൽഹി: ഇത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയും എന്നാണ് വിവരം. കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാൽ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.


അഗ്നി പർവ്വതസ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇന്ത്യയിലേക്ക് ചാരമേഘങ്ങൾ നീങ്ങിയിരുന്നു. ഡൽഹിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്താൻ വേണ്ടിയാണ് സർവീസ് റദ്ദാക്കിയത്. ചാരമേഘങ്ങൾ ബാധിച്ച മേഖലകളിലൂടെ പറന്ന വിമാനങ്ങളിലായിരുന്നു സുരക്ഷാ പരിശോധന. ചെന്നൈ - മുംബൈ, ഹൈദരാബാദ് - മുംബൈ, കൊൽക്കത്ത - മുംബൈ, ഹൈദരാബാദ് - ഡൽഹി സർവീസുകൾ ആണ് റദ്ദാക്കിയത്.


കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എറിട്രിയൻ അതിർത്തിക്ക് സമീപം അഡിസ് അബാബയിൽ നിന്ന് 500 മൈൽ വടക്ക് കിഴക്കായി എത്യോപ്യയിലെ അഫാർ മേഖലയിലാണ് പർവതം സ്ഥിതി ചെയ്യുന്നത്.


ആകാശത്തേക്ക് 14 കിലോമീറ്റർ വരെ ഉയരത്തിൽ പുക പടർന്നു. ചെങ്കടൽ കടന്ന് യെമനിലേക്കും ഒമാനിലേക്കും ഇന്ത്യയിലേക്കും പുക വ്യാപിച്ചു. അന്തരീക്ഷത്തിലേക്ക് ചാരത്തിന്റെയും സൾഫർ ഡൈ ഓക്സൈഡിന്റെയും അവശിഷ്ടങ്ങൾ പടർന്നു. സ്ഫോടനത്തിൽ ആളപായമില്ല. ഏകദേശം 500 മീറ്റർ ഉയരത്തിലാണ് അ​ഗ്നിപർവതം സ്ഥിതിചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home