മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഒരു മരണം

മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് 53കാരൻ മരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ അപൂർവ ന്യൂറോളജിക്കൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഫെബ്രുവരി 11 വരെയുള്ള മഹാരാഷ്ട്ര ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം 192 പേർക്ക് രോഗം ബാധിച്ചിട്ടുള്ളതായാണ് സംശയം. ഇതിൽ 172 കേസുകൾ ജിബിഎസ് രോഗ ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂണെയിലും പരിസര പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 104 രോഗികളെ ഡിസ്ചാർജ് ചെയ്തു. 50 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേർ വെൻ്റിലേറ്ററിലാണെന്നാണ് വിവരം. രോഗത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന പൂണെയിലെ നന്ദേദ്, ധയാരി, സിൻഹ്‌ഗാദ് എന്നിവിടങ്ങളിലെ 30 സ്വകാര്യ ജലവിതരണ പ്ലാന്റുകൾ അടച്ചുപൂട്ടിയിരുന്നു. ഈ പ്ലാന്റുകൾക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments