ജാർഖണ്ഡിൽ സ്കൂളിന്റെ മേൽക്കൂര തകർന്ന് ഒരു മരണം; 3 പേർക്ക് പരിക്ക്

roof collapsed

video screenshot

വെബ് ഡെസ്ക്

Published on Jul 18, 2025, 11:36 AM | 1 min read

റാഞ്ചി : ജാർഖണ്ഡിലെ റാഞ്ചിയിൽ തുടർച്ചയായ മഴയിൽ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിസ്ക മോർ പ്രദേശത്തെ ടാൻഗ്ര ടോളിയിലെ സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്ന് പേരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.


രക്ഷാപ്രവർത്തനത്തിനായി പൊലീസ് സംഘം സ്ഥലത്തുണ്ടെന്ന് സുഖ്ദിയോ നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മനോജ് കുമാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. സ്കൂളിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന വൃദ്ധനാണ് മേൽക്കൂര തകർന്നുവീണ് മരിച്ചത്. റാട്ടു നിവാസിയായ സൂരജ് ബൈത (65) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും സ്കൂളിൽ കെയർടേക്കറായി ജോലി ചെയ്യുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


ഒരാളാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത് എന്നാണ് കരുതിയത്. എന്നാൽ അന്വേഷണത്തിൽ മൂന്ന് പേർ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. മനീഷ് ടിർക്കി, പ്രീതം ടിർക്കി, മോട്ടു ഒറാവോൺ എന്നിവർക്കാണ് പരിക്കേറ്റത്. 18 നും 19 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.


കുട്ടികൾ ഇല്ലാത്തതിനെത്തുടർന്ന് കുറച്ചുനാൾ മുമ്പാണ് സ്കൂൾ അടച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഉ​ദ്യോ​ഗസ്ഥർ പറ‍ഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാർഖണ്ഡിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ജൂൺ 1 നും ജൂലൈ 16 നും ഇടയിൽ സംസ്ഥാനത്ത് 71 ശതമാനം അധിക മഴ രേഖപ്പെടുത്തിയതായി ഐഎംഡി പറയുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാ​ഗങ്ങളിൽ സാധാരണ 348.9 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് 595.8 മില്ലിമീറ്റർ മഴ ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home