സർക്കാർ സ്കൂളുകൾക്ക് കാവി പൂശും: പുതിയ ഉത്തരവുമായി ഒഡീഷ സർക്കാർ

പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: സർക്കാർ സ്കൂളുകൾക്ക് കാവി പൂശാനൊരുങ്ങി ഒഡീഷയിലെ ബിജെപി സർക്കാർ. ഒഡീഷയിലെ സ്‌റ്റേറ്റ് എജ്യുക്കേഷൻ പ്രോഗ്രാം അതോറിറ്റി(ഒഎസ്ഇപിഎ)യാണ് എല്ലാ ജില്ലാ കളക്ടർമാരോടും സ്കൂൾ കെട്ടിടങ്ങൾ കാവി നിറത്തിലുള്ള പെയിന്റ് അടിക്കാൻ ഉത്തരവിട്ടത്.
എന്നാൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിപക്ഷം രംഗത്തെത്തി. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ഭരണകക്ഷിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ബിജെഡി പറഞ്ഞു.
"ഇതൊരു പ്രത്യേക മനഃശാസ്ത്രമാണ്. ഈ സർക്കാർ എന്തിനാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്താണ് ഉദ്ദേശ്യം? നിറങ്ങൾ മാറ്റുന്നതിലൂടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മാറ്റാൻ നിങ്ങൾക്ക് കഴിയുമോ? നിറം മാറ്റി കുട്ടികളിൽ കൂടുതൽ ഊർജ്ജം നിറയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ?" ബിജെഡി നേതാവ് പ്രസന്ന ആചാര്യ ചോദിച്ചു.
സ്കൂൾ വിദ്യാർഥികളുടെ മനസിൽ രാഷ്ട്രീയം കുത്തിവയ്ക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച പ്രസന്ന ആചാര്യ, ഇത്തരമൊരു തീരുമാനത്തിലൂടെ സംസ്ഥാന ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ പാഴാക്കും എന്നല്ലാതെ യാതൊരു ഗുണവും ഉണ്ടാകില്ലെന്നും പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സ്കൂൾ യൂണിഫോമിന്റെ നിറവും ഒഡീഷ സർക്കാർ മാറ്റിയിരുന്നു.









0 comments