ഒസിഐ റദ്ദാക്കൽ വിജ്ഞാപനം കടുത്ത ആശങ്ക ഉണ്ടാക്കുന്നത്; അമിത് ഷായ്‌ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ചില കുറ്റകൃത്യങ്ങളിൽ കുറ്റപത്രം സമർപ്പിച്ച ഉടനെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്‌ട്രേഷൻ റദ്ദാക്കാമെന്ന പുതിയ വിജ്ഞാപനം കടുത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എംപി ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകി.
കോടതി കുറ്റക്കാരെന്ന് കണ്ടെത്തുംമുന്പ് തന്നെ ഒസിഐ രജിസ്‌ട്രേഷൻ റദ്ദാക്കാമെന്നാണ് പൗരത്വനിയമപ്രകാരമുള്ള പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. ഇത്തരം നടപടികൾ നിയമപരവും ഭരണഘടനാപരവുമായ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. പൗരത്വം റദ്ദാക്കുന്നതിന് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്താൻ പൗരത്വനിയമം അധികൃതർക്ക് അനുവാദം നൽകുന്നില്ല. എന്നാൽ, പുതിയ വിജ്ഞാപനത്തിലൂടെ അത്തരം ഒരു വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുകയാണ്.
പാർലമെന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രധാന നിയമത്തിൽ കാതലായ ഭേദഗതി കൊണ്ടുവരുന്നതിന് തുല്യമാണ് ഇത്തരം വിജ്ഞാപനങ്ങൾ. ഇൗ സാഹചര്യത്തിൽ, വിജ്ഞാപനം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.









0 comments