ഛത്തീസ്ഗഡിൽ കന്യാസ്‌ത്രീകളുടെ അറസ്റ്റ്; ആദിവാസി യുവതികൾക്ക് തുണയായി ഇടതുപക്ഷം

ന്യൂഡൽഹി: ബജ്‌രംഗ്‌ദൾ ഭീഷണി നേരിടുന്ന ഛത്തീസ്‌ഗഡിലെ ആദിവാസി യുവതികൾക്കും കുടുംബത്തിനും സംരക്ഷണമൊരുക്കി ഇടതുപക്ഷം. നാരായൺപുരിലെ യുവതികളുടെ വീടുകൾക്ക് ചുറ്റും പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തകർ കാവലൊരുക്കി. കന്യാസ്‌ത്രീകൾക്കെതിരെ മൊഴി നൽകാൻ ബജ്‌രംഗ്‌ദളുകാർ യുവതികളെ ക്രൂരമായി മർദിക്കുകയും ബലാത്സംഗംചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഭയപ്പെട്ടിരുന്ന യുവതികൾ ബജ്‌രംഗ്‌ദളുകാർക്കെതിരെ പരാതി നൽകാനും സത്യങ്ങൾ പറയാനും തയ്യാറായത് ഇടതുപക്ഷം നൽകിയ പിന്തുണയിലാണ്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലും നേതാക്കൾ ഒപ്പമുണ്ടായി. നിയമസഹായവും ഉറപ്പുവരുത്തി. യുവതികൾക്ക് സംരക്ഷണം നൽകിയ നാരായൺപൂരിലെ ഇടതുപക്ഷ നേതാക്കൾക്കെതിരെയും ബജ്‌രംഗ്‌ദൾ ഭീഷണി മുഴക്കി. ബുധനാഴ്‌ച നാരായൺപുരിൽ സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു.
ബജ്‌രംഗ്‌ദളുകാർക്കെതിരെ കേസെടുത്തില്ല
ബലാത്സംഗ ഭീഷണിയുൾപ്പെടെ ഗുരുതര വിഷയങ്ങള്‍ ഉന്നയിച്ച് യുവതികൾ പരാതി നൽകിയിട്ടും ബജ്‌രംഗ്‌ദളുകാർക്കെതിരെ കേസെടുക്കാതെ ഛത്തീസ്‌ഗഡിലെ ബിജെപി സര്‍ക്കാര്‍. യുവതികൾ നൽകിയ പരാതി ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നും കേസെടുക്കേണ്ടത് അവിടെയാണെന്നുമാണ് പൊലീസിന്റെ വാദം. ശനിയാഴ്‌ച നാരായൺപുർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ എസ്‌പി തയ്യാറായിരുന്നില്ല. തുടർന്ന് ഞായറാഴ്‌ച വീണ്ടും പരാതി നൽകി. ദുർഗ് പൊലീസിനും റെയിൽവേ പൊലീസിനും എതിരെ യുവതികൾ പരാതി ഉന്നയിച്ചിട്ടുണ്ട്.









0 comments