വൻകിടക്കാരുടെ കിട്ടാക്കടം ; ബാങ്കുകൾ എഴുതത്തള്ളിയത് 8.26 ലക്ഷം കോടി

ന്യൂഡൽഹി : പത്തുവര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 16.35 ലക്ഷം കോടിയുടെ കിട്ടാക്കടം. ഇതേ കാലയളവിൽ വൻകിട വ്യവസായികളുടെയും സേവനദാതാക്കളുടെയും 8.26 ലക്ഷംകോടിയുടെ കിട്ടാക്കടവും എഴുതിത്തള്ളിയതായി ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ സമ്മതിച്ചു.
വൻകിട കോർപറേറ്റ് സ്ഥാപനങ്ങളുടെ എഴുതിത്തള്ളിയ വായ്‌പകളുടെ വിശദാംശങ്ങൾ തേടി സിപിഐ എം എംപി അമ്രാറാമാണ് ചോദ്യമുന്നയിച്ചത്. വായ്‌പകളുടെ രൂപത്തിൽ പൊതുമുതൽ കൊള്ളയടിച്ച കോർപറേറ്റുകളുടെ വിശദാംശങ്ങളും അമ്രാറാം തേടിയിരുന്നെങ്കിലും ആ വിവരം കൈമാറാൻ കേന്ദ്രസർക്കാർ തയ്യാറായില്ല.
2018–-2019, 2019–-2020, 2020–-2021 വർഷങ്ങളിൽ രണ്ട് ലക്ഷം കോടിക്ക് മുകളിലുള്ള കിട്ടാക്കടങ്ങളാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. എഴുതിത്തള്ളിയെന്ന് പറയുന്നതിലൂടെ മുഴുവൻ ബാധ്യതയും ഒറ്റയടിക്ക് ഒഴിവാക്കിയെന്ന് അർഥമില്ലെന്നാണ് ന്യായീകരണം.
സാധ്യമായ മാർഗങ്ങളിലൂടെ വായ്‌പാതുക തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങി വിവിധ മേഖലകൾക്കുള്ള ധനവിനിയോഗം വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്രം കോർപറേറ്റുകൾക്ക് വലിയ നികുതി ഇളവുകൾ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുത് തുടരുകയാണ്.









0 comments