രാജ്യസഭയിൽ സിപിഐ എം എംപിമാരുടെ 
ചോദ്യങ്ങൾക്ക്‌ മറുപടി അടിസ്ഥാനമില്ലാത്ത 
ആരോപണങ്ങൾ

മണിപ്പുരിനെപ്പറ്റി മിണ്ടരുത്‌; 
ദുരാരോപണങ്ങളുമായി 
നിർമല സീതാരാമൻ

nirmala sitharaman in parliament
വെബ് ഡെസ്ക്

Published on Mar 19, 2025, 02:52 AM | 2 min read


ന്യൂഡൽഹി : മണിപ്പുരിൽ ബിജെപിയുടെ ‘ഇരട്ടഎൻജിൻ’ സർക്കാരിന്റെ ഗുരുതരവീഴ്‌ചകളെ കുറിച്ചുള്ള ചർച്ചകൾ വഴിതിരിച്ചുവിടാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. സമാനതകളില്ലാത്ത ആക്രമണങ്ങളാണ്‌ മണിപ്പുരിൽ സംഭവിച്ചതെന്ന്‌ സിപിഐ എം എംപിമാർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. ഇതിൽ അരിശംപൂണ്ട നിർമല സീതാരാമൻ കേരളത്തിനും സിപിഐ എമ്മിനും എതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. സിപിഐ എം ഭരിച്ചിരുന്ന ബംഗാളിലും ത്രിപുരയിലും ഇപ്പോൾ കേരളത്തിലും വലിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉണ്ടാകുന്നുണ്ടെന്നും അവർ ആരോപിച്ചു. ഇതിനുപിന്നാലെ, കേരളത്തിൽ വലിയ നോക്കുകൂലിയാണെന്നും വേറെ എവിടെയും അത്‌ കാണാൻ കഴിയില്ലെന്നും അവർ പറഞ്ഞു.


മണിപ്പുർ വിഷയം ചർച്ച ചെയ്യുന്ന സഭയിൽ ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ പരിഹാസ്യമാണ്‌ എംപിമാർ ചൂണ്ടിക്കാട്ടി. ‘നിങ്ങൾ കുറേകാര്യങ്ങൾ പറഞ്ഞല്ലോ... അപ്പോൾ, ഞാനും പലതും പറയും’–- എന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാത്തത്‌ എന്തുകൊണ്ടാണെന്നത്‌ ഉൾപ്പടെയുള്ള ചോദ്യങ്ങൾക്ക്‌ മറുപടിയുണ്ടായിരുന്നില്ല. കോൺഗ്രസ്‌ ഭരിച്ചിരുന്ന സമയത്തും മണിപ്പുരിൽ സംഘർഷങ്ങളുണ്ടായിട്ടുണ്ടെന്നും അപ്പോൾ ആരും അവിടെ പോയിട്ടില്ലെന്നും അവർ പറഞ്ഞു. പഴങ്കഥകൾ പറയുന്നതിനുപകരം മണിപ്പുരിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കാൻ സിപിഐ എമ്മിന്റെ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ ആവശ്യപ്പെട്ടതും ധനമന്ത്രിയെ ചൊടിപ്പിച്ചു. രാഷ്‌ട്രപതിഭരണത്തിലുള്ള മണിപ്പുരിന്റെ ബജറ്റ്‌ രാജ്യസഭ അംഗീകരിച്ചു.


സുപ്രീംകോടതി ജഡ്‌ജിമാരുടെ 
സംഘം 22ന്‌ മണിപ്പുർ സന്ദർശിക്കും

ഒന്നര വർഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പുരിൽ സുപ്രീംകോടതി ജഡ്‌ജിമാരുടെ ആറംഗ സംഘം സന്ദർശിക്കും. ഇരകൾക്കുള്ള നിയമ, പുനരധിവാസ സഹായം വിലയിരുത്തുന്നതിനും ശക്തമാക്കുന്നതിനും വേണ്ടിയാണ്‌ 22ന്‌ സംഘം എത്തുന്നത്‌. ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.


ദേശീയ ലീഗൽ സർവീസ്‌ അതോറിറ്റി (എൻഎൽഎസ്‌എ) എക്‌സിക്യൂട്ടീവ്‌ ചെയർമാൻ ജസ്‌റ്റിസ്‌ ബി ആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ, വിക്രംനാഥ്, എൻ കെ സിങ് എന്നിവരുൾപ്പെടുന്നതാണ്‌ സംഘം. കലാപത്തിൽ സ്വന്തം വീടുവിട്ടോടിപോകേണ്ടി വന്ന അവസാനത്തെ ആൾക്കും വീണ്ടും ജീവിതം തിരികെപ്പിടിക്കാനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്ന്‌ എൻഎൽഎസ്‌എ പറഞ്ഞു.


അതേസമയം, ഇരകളുടെ പുനരധിവാസം ഉറപ്പാക്കാൻ സുപ്രീംകോടതി നിശ്ചയിച്ച റിട്ട. ജസ്‌റ്റിസ്‌ ഗീത മിത്തൽ കമ്മിറ്റിയുടെ കാലാവധി ജൂലൈ 31വരെ കോടതി തിങ്കളാഴ്‌ച നീട്ടി നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home