പ്രധാനമന്ത്രിയുടെ നികുതി പരിഷ്‌കരണ പ്രഖ്യാപനം ; ജിഎസ്‌ടി മന്ത്രിസമിതിയിൽ ഇടപെടാൻ നിർമല സീതാരാമൻ

ന്യൂഡൽഹി
ഫെഡറൽ തത്വങ്ങളെ പുച്ഛിച്ചുതള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച ജിഎസ്‌ടി പരിഷ്‌കരണം ജിഎസ്‌ടി മന്ത്രിസമിതിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കമാരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്‌ച ചേരുന്ന ജിഎസ്‌ടി മന്ത്രിസമിതിയിൽ പരിഷ്‌കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കും. മന്ത്രിസമിതിയിൽ സാധാരണ കേന്ദ്ര ധനമന്ത്രി പങ്കെടുക്കാറില്ല. പ്രധാനമന്ത്രിയുടെ ഏകപക്ഷീയ പ്രഖ്യാപനം ഏതുവിധേനയും അംഗീകരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധനമന്ത്രി ഇടപെടുന്നത്.
നികുതിനിരക്കുകൾ കൂടുതൽ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെ ജിഎസ്‌ടി കൗൺസിൽ രൂപീകരിച്ച മന്ത്രിസമിതി ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ചേരുന്നത്. ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് ചെയർമാൻ.
ധനമന്ത്രി കെ എൻ ബാലഗോപാൽ, യുപി ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കർണാടക റവന്യൂമന്ത്രി കൃഷ്‌ണ ബൈര ഗൗഡ എന്നിവർ അംഗങ്ങളാണ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ബിജെപി ഭരണ സംസ്ഥാനങ്ങളെയടക്കം ഞെട്ടിച്ച പശ്‌ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ വഴിവിട്ട ഇടപെടൽ. പരിഷ്‌കാരത്തോടെ നികുതി വരുമാനം ഗണ്യമായി ഇടിയുമെന്ന് സംസ്ഥാനങ്ങൾ ആശങ്കപ്പെടുന്നു.
മന്ത്രിസമിതിയുടെ ശുപാർശയ്‌ക്ക് പിന്നീട് ജിഎസ്‌ടി കൗൺസിലിന്റെ അംഗീകാരം ലഭിക്കണം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനപ്രകാരം ജിഎസ്‌ടി നികുതി സ്ലാബുകൾ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകളിലേക്ക് ചുരുങ്ങും. ഓൺലൈൻ ഗെയിമുകൾ, പുകയില, പാൻമസാല തുടങ്ങി ചുരുക്കം ഉൽപ്പന്നങ്ങൾക്കായി മാത്രം 40 ശതമാനം എന്ന ഉയർന്ന സ്ലാബുണ്ടാകും.









0 comments