ജമ്മു കശ്മീരിൽ വ്യാപകമായി എൻഐഎ റെയ്ഡ്

ശ്രീനഗർ : ജമ്മു കശ്മീരിൽ 32ഓളം ഇടങ്ങളിൽ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ റെയ്ഡ്. ഭീകരവാദപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നും ഗൂഢാലോചന നടത്തിയെന്നുമുള്ള കേസുകളിലാണ് റെയ്ഡ് എന്നാണ് എന്‍ഐഎ പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസിന്റെയും സിആർപിഎഫിന്റെയും സഹായത്തോടെയായിരുന്നു എൻഐഎ റെയ്ഡ്. ഷോപ്പിയാൻ ജില്ലയിലെ റെബാൻ, കുൽഗാം ജില്ലയിലെ നിൽദൂര, ചക്-ഇ-ചോളണ്ട്, പുൽവാമ ജില്ലയിലെ മൻസ്ഗാം, ദേവ്സർ, സോണിഗാം, ബുഗം, ബാരാമുള്ള ജില്ലയിലെ സോപോർ, കുപ്‍വാര എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിനു ശേഷം പ്രസ്താവന പുറത്തിറക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല.
ഭീകരവാദ ധനസഹായം, ഗൂഢാലോചന എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡുകൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ചില ഭീകരാക്രമണങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും എൻഐഎ അന്വേഷിക്കുന്നുണ്ട്. പഹൽഗാമിലെ ബൈസരണിൽ ഏപ്രിൽ 22 ന് നടത്തിയ ഭീകരാക്രമണവും എൻഐഎ അന്വേഷിക്കുന്നുണ്ട്. ഒരു നേപ്പാൾ സ്വദേശിയടക്കം 26 പേരാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
2024 ജൂണിൽ റയാസിയിൽ നടന്ന ഭീകരാക്രമണവും എൻഐഎ അന്വേഷണത്തിലാണ്. തീർത്ഥാടകരുമായി പോയ ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.









0 comments