റാണയുടെ ചോദ്യം ചെയ്യൽ തുടരുന്നു: ദുബായ് ബന്ധം സ്ഥിരീകരിക്കാൻ ശബ്‌ദ സാമ്പിൾ ശേഖരിച്ചേക്കും

ന്യൂഡൽഹി: അമേരിക്ക കൈമാറിയ മുംബൈ ഭീകാരാക്രമണക്കേസ് പ്രതി തഹാവുർ റാണയുടെ ചോദ്യം ചെയ്യൽ ഡൽഹി എൻഐഎ ആസ്ഥാനത്ത് തുടരുന്നു. ഗൂഢാലോചനയിൽ പങ്കാളിയായ, ദുബായ് കേന്ദ്രീകരിച്ച വ്യക്തിയുമായി റാണയ്‌ക്കുള്ള ബന്ധം സ്ഥിരീകരിക്കാൻ റാണയുടെ ശബ്‌ദ സാമ്പിൾ ശേഖരിച്ച് ശാസ്‌ത്രീയ പരിശോധന നടത്തുമെന്നാണ് വിവരം. ഇവർ തമ്മിലുള്ള ഫോൺ വിളി രേഖകൾ സ്ഥിരീകരിക്കാനാണിത്. മുംബൈ ഭീകരാക്രമണത്തിന് റാണ നൽകിയ നിർദേശവും സ്ഥിരീകരിച്ചേക്കും. മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക് സഹായം നൽകിയ ആളെ ചോദ്യം ചെയ്യലിൽ പങ്കെടുപ്പിക്കുമെന്നും വിവരമുണ്ട്. നിലവിൽ എൻഐഎയുടെ സംരക്ഷിത സാക്ഷിയാണ് ഇയാൾ.
ആക്രമണത്തെക്കുറിച്ച് ഇയാൾക്ക് വിവരമുണ്ടായിരുന്നില്ല. റാണയുടെ നിർദേശാനുസരണം ഹെഡ്‌ലിക്ക് യാത്ര, താമസം, തുടങ്ങിയവ ഒരുക്കി നൽകുകയായിരുന്നു. മുംബൈിൽ ഹെഡ്‌ലിയെ സ്വീകരിച്ചതും ഇയാളാണ്. അതിനിടെ ഇന്ത്യയ്‌ക്ക് റാണയെ വിട്ടുനൽകാതിരിക്കാൻ അഭിഭാഷകൻ മുപ്പതോളം ആരോഗ്യ കാരണങ്ങൾ നിരത്തിയ കാര്യവും പുറത്തുവന്നു. പാർക്കിൻസൺസ് അടക്കം നിരവധി രോഗമുള്ള റാണയ്‌ക്ക് ബ്ലാഡറിൽ കാൻസറുണ്ടെന്നും ഇന്ത്യയിലെ ജയിലിൽ മരിച്ചേക്കാമെന്നും അഭിഭാഷകൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് നൽകിയ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ അന്താരാഷ്‌ട്ര കരാർ അനുസരിച്ച് പീഡനമുണ്ടാകില്ലെന്നും മെഡിക്കൽ രേഖകൾ ഇന്ത്യയ്‌ക്ക് കൈമാറാമെന്നുമായിരുന്നു അഭിഭാഷകന് ലഭിച്ച മറുപടി. നിലവിൽ 18 ദിവസത്തെ എൻഐഎ കസ്‌റ്റഡിയിലാണ് റാണയുള്ളത്.









0 comments