മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ എൻഐഎ ചോദ്യം ചെയ്യുന്നു

tahawwur rana arrested

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച 
തഹാവുർ ഹുസൈൻ റാണയെ എൻഐഎ കസ്റ്റഡിയിൽ എടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Apr 11, 2025, 06:27 PM | 1 min read

ന്യൂഡൽഹി : മുംബൈ ഭീകാരാക്രമണക്കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയെ എൻഐഎ ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകിട്ട് 6.30ഓടെ പ്രത്യേക വിമാനത്തിലാണ്‌ എൻഐഎ സംഘം റാണയെ ഡൽഹിയിൽ എത്തിച്ചത്‌. ഇന്ന് പുലർച്ചെ 2.30ഓടെ റാണയെ 18 ദിവസത്തേക്ക്‌ എൻഐഎ കസ്റ്റഡിയിൽ കൈമാറി കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനു ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.


2008ൽ 166ലേറെപേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‌ 17 വർഷത്തിനുശേഷമാണ്‌ പാകിസ്ഥാൻ–- കനേഡിയൻ ബിസിനസുകാരനും മുൻ പാക് സൈനിക ഡോക്‌ടറുമായ റാണയെ ഇന്ത്യയ്‌ക്ക്‌ കിട്ടുന്നത്‌. യുഎപിഎ പ്രകാരം ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം, വ്യാജരേഖ ചമയ്‌ക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ്‌ റാണക്കെതിരെ ചുമത്തിയത്‌.


2009 ഒക്‌ടോബറിൽ ഷിക്കാഗോയിലാണ്‌ റാണ പിടിയിലായത്‌. 2023 മെയിൽ റാണെയെ ഇന്ത്യക്ക്‌ കൈമാറാമെന്ന്‌ കലിഫോർണിയ കോടതി ഉത്തരവിട്ടെങ്കിലും റാണ മേൽക്കോടതികളെ സമീപിച്ച് നടപടികൾ നീട്ടുക്കൊണ്ടുപോയി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഡേവിഡ്‌ കോൾമാൻ ഹെഡ്‌ലിയും അമേരിക്കയിൽ അറസ്റ്റിലായെങ്കിലും ഇന്ത്യയിലെത്തിക്കാനായിട്ടില്ല. ലഷ്‌കർ ഭീകരൻ ഹാഫിസ്‌ സയിദിന്റെ നിർദേശമനുസരിച്ച്‌ ഭീകരാക്രമണം ആസൂത്രണം ചെയ്യാൻ റാണയാണ്‌ ഹെഡ്‌ലിയെ സഹായിച്ചത്‌. ഹെഡ്‌ലിക്ക്‌ ഇന്ത്യയിലെത്താൻ വ്യാജ തിരിച്ചറിയൽ രേഖയും വിസയും റാണെ തന്നെയാണ്‌ സംഘടിപ്പിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.


അമേരിക്കൻ പൗരനാണെന്ന്‌ അവകാശപ്പെട്ടാണ്‌ ഹെഡ്‌ലിയുടെ കൈമാറ്റ അഭ്യർഥന നിരസിച്ചത്‌. 2010ൽ ഇയാൾ കുറ്റം ചെയ്‌തതായി സമ്മതിച്ചു. നിലവിൽ 35 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Home