Deshabhimani

മുംബൈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

nia
വെബ് ഡെസ്ക്

Published on May 17, 2025, 12:20 PM | 1 min read

മുംബൈ : മുംബൈ വിമാനത്താവളത്തിൽ നിന്ന് ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള രണ്ടുപേരെ ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. അബ്ദുള്ള ഫയാസ് ഷേഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. മുംബൈ ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എൻഐഎ അറിയിച്ചു. ജക്കാർത്തയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ഇന്തോനേഷ്യയിൽ നിന്ന് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് എൻഐഎ അറിയിച്ചു.


രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതികൾക്കെതിരെ മുംബൈയിലെ എൻ‌ഐ‌എ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.


2023ലെ പുണെ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കേസിലാണ് അറസ്റ്റ്. ഇരുവരും ഐഎസിന്റെ സ്ലീപ്പർ സെല്ലുകളാണെന്നും വിവരമുണ്ട്. മഹാരാഷ്ട്രയിലെ പുണെയിൽ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) നിർമിക്കുന്നതിലും പരീക്ഷിക്കുന്നതിലും ഏർപ്പെട്ടിരുന്ന സ്ലീപ്പർ സെൽ മൊഡ്യൂളിന്റെ ഭാഗമായിരുന്നു ഇവരെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇവരുൾപ്പെടെ 10 പേരാണ് ഗവൺമെന്റിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ടതാണ് കേസെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.


അബ്ദുള്ള ഫയാസ് ഷെയ്ഖ് പുണെയിലെ കോൻധ്വയിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇവിടെയാണ് ഐഇഡികൾ നിർമിച്ചിരുന്നത്. 2022 ലും 2023ലും പ്രതികൾ ഐഇഡികൾ നിർമിച്ചതിനു പുറമെ ബോംബ് നിർമാണത്തിൽ പരിശീലന വർക്ക്‌ഷോപ്പുകൾ നടത്തുകയും ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനായി നിയന്ത്രിത സ്ഫോടനം നടത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ സെക്ഷനുകൾ പ്രകാരം പത്ത് പ്രതികൾക്കെതിരെയും എൻഐഎ ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അബ്ദുള്ള ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരെ കൂടാതെ മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാക്കി, അബ്ദുൾ ഖാദിർ പത്താൻ, സിമാബ് നസിറുദ്ദീൻ കാസി, സുൽഫിക്കർ അലി ബറോദാവാല, ഷാമിൽ നാച്ചൻ, ആകിഫ് നാച്ചൻ, ഷാനവാസ് ആലം ​​എന്നീ എട്ട് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home