റെയിൽവേ സ്‌റ്റേഷൻ ദുരന്തം ; സ്‌റ്റേഷൻ തിങ്ങിനിറഞ്ഞിട്ടും ടിക്കറ്റ് വിൽപ്പന നിർത്തിയില്ല

ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ 18 പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും റെയിൽവേയുടെ ഗുരുതര അനാസ്ഥയുടെ പരിണിതഫലം. അപകടമുണ്ടായ ശനിയാഴ്‌ച്ച 12, 13, 14, 15 പ്ലാറ്റ്‌ഫോമുകൾക്ക് ഉൾകൊള്ളാവുന്നതിൽ കൂടുതൽ ആളുകൾ തിങ്ങി നിറഞ്ഞിട്ടും ഒരോ മണിക്കൂറിലും ആയിരകണക്കിന് ജനറൽ ടിക്കറ്റുകൾ വിറ്റു. വൈകിട്ട് ആറിനും എട്ടിനും ഇടയ്‌ക്ക് ശരാശരി 6000 ടിക്കറ്റുകൾ വിൽക്കുന്നിടത്ത് 9600ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ചു. ഇതോടെ, ഒരാൾക്ക് നേരേ നിൽക്കാനുള്ള സ്ഥലംപോലും പ്ലാറ്റ്‌ഫോമിൽ ഇല്ലാതായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
കുംഭമേളയ്‌ക്ക് പോകുന്നവർ പല സ്‌റ്റേഷനുകളിലും ട്രെയിനുകളുടെ എസി കംപാർട്ടുമെന്റുകളുടെ വാതിലുകൾപോലും അടിച്ചുപൊളിച്ച് അകത്ത് കയറാൻ നോക്കുന്നതിന്റെയും ദൃശ്യം പുറത്തുവന്നു. അത്തരമൊരു സാഹചര്യത്തിൽപോലും തിരക്ക് നിയന്ത്രിക്കാനുള്ള അടിയന്തിര നടപടികളൊന്നും അധികൃതർ സ്വീകരിച്ചില്ല. ഇത്ര അപകടകരമായ തിരക്കുള്ള സമയത്താണ്, 16–-ാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷൽ ട്രെയിൻ എത്തുന്നതായി അറിയിപ്പുണ്ടായത്. 14–-ാം പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുന്ന പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് ആണിതെന്ന് തെറ്റിദ്ധരിച്ച് ആളുകൾ കൂട്ടമായി 16–-ാം പ്ലാറ്റ്‌ഫോമിലേക്ക് കുതിച്ചതോടെയാണ് ദുരന്തമുണ്ടായത്. ഈ ഘട്ടത്തിൽ 60 ആർപിഎഫുകാരും 20 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് അവിടെഉണ്ടായിരുന്നത്.
ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ 60 റെയിൽവേ സ്‌റ്റേഷനുകളെ ‘ഹൈട്രാഫിക്ക്’ സ്‌റ്റേഷനുകളായി പ്രഖ്യാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതിൽ 35 സ്‌റ്റേഷനുകളിൽ പ്രയാഗ്‌രാജിലേക്ക് നേരിട്ട് ട്രെയിനുകളുണ്ട്. ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ഒരാഴ്‌ച്ചത്തേക്ക് വൈകിട്ട് നാല് മുതൽ 11 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകില്ല.
വിവരങ്ങൾ പൂഴ്‌ത്തി
ദുരന്തത്തിന്റെ ഇരകളെ പ്രവേശിപ്പിച്ച എൽഎൻജെപി ആശുപത്രിക്ക് ചുറ്റും നൂറുകണക്കിന് കേന്ദ്ര സേനാംഗങ്ങളെയും ഡൽഹി പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. പ്രവേശനകവാടങ്ങളിൽ കർശനമായ പരിശോധനയ്‌ക്കുശേഷമാണ് ജീവനക്കാരെയും മറ്റുള്ളവരെയും കയറ്റി വിടുന്നത്.
മാധ്യമപ്രവർത്തക്കും സന്നദ്ധസംഘടനകളുടെ പ്രതിനിധികൾക്കും വിലക്കുണ്ട്.
ജീവനക്കാർക്ക് പുറത്തുനിന്നുള്ളവരുമായി ആശയവിനിമയം നടത്താന്‍ നിയന്ത്രണമുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവരെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നില്ല. ദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ അടിയന്തരമായി ശുചീകരണം നടത്തി അപകടത്തിന്റെ തെളിവുകളെല്ലാം നീക്കി.









0 comments