ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം ; മരണക്കണക്കിൽ പൊരുത്തക്കേട്
അലംഭാവത്തിന്റെ വില ; സഹായമെത്താൻ വൈകി , റെയിൽവേ അനാസ്ഥ വ്യക്തം

തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ വസ്‌ത്രങ്ങളും ചെരുപ്പുകളും ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പടിക്കെട്ടിൽ ചിതറിക്കിടക്കുന്നു
ന്യൂഡൽഹി : ഡൽഹിയിലെ ഏറ്റവും തിരക്കേറിയ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്‌ച രാത്രി തിക്കിലും തിരക്കിലും 18 പേർ കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേക്കും കേന്ദ്രസർക്കാരിനും. കോടിക്കണക്കിന് തീർഥാടകർ കുംഭമേളയ്‌ക്കായി എത്തുന്ന പ്രയാഗ്‌രാജിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ യുപിയിലെ ബിജെപി സർക്കാരും യാത്രാസൗകര്യം ഒരുക്കുന്നതിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരും ഒരുപോലെ പരാജയം.
പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും അമ്പതോളം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ന്യൂഡൽഹി ദുരന്തം. റെയിൽവേയുടെ ആസൂത്രണമില്ലായ്‌മയും അലംഭാവവുമാണ് സ്റ്റേഷൻ ദുരന്തത്തിന് വഴിവച്ചത്. പതിനാലാം പ്ലാറ്റ്‌ഫോമിൽ പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് പുറപ്പെടാൻ നിൽക്കുന്ന ഘട്ടത്തിലാണ് ദുരന്തം. ഈ സമയം പന്ത്രണ്ടും പതിമൂന്നും പ്ലാറ്റ്‌ഫോമുകളിൽ എത്തേണ്ട ട്രെയിനുകൾ വൈകിയപ്പോൾ വൻതിരക്കുണ്ടായി. ഇതേസമയം പതിനാറാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷൽ ട്രെയിൻ എത്തുന്നതായി അറിയിപ്പുണ്ടായി. ഇതോടെ കുംഭമേളയ്‌ക്ക് പോകുന്നവരിൽ ആശയക്കുഴപ്പമുണ്ടാവുകയും ഇവരിൽ ചിലർ കൂട്ടമായി പതിനാറാം പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതുമാണ് ദുരന്തകാരണം.
തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് റെയിൽവേ പൊലീസോ, ആർപിഎഫോ ഡൽഹി പൊലീസോ ഉണ്ടായിരുന്നില്ല. യാത്രക്കാരെ സ്റ്റേഷനിലേക്ക് യഥേഷ്ടം കടത്തിവിട്ടതും സ്ഥിതി വഷളാക്കി. ഓരോ മണിക്കൂറിലും 1500 ലേറെ ജനറൽ ടിക്കറ്റുകളാണ് ദുരന്തത്തിനുമുമ്പ് കൗണ്ടറിൽ വിതരണംചെയ്‌തത്. ആയിരങ്ങൾ ടിക്കറ്റില്ലാതെയും കയറി. എന്നിട്ടും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ല.
സ്‌ത്രീകളടക്കം നിലത്തുവീണ് കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും വലിയ അപകടം നടന്നില്ലെന്നാണ് റെയിൽവേ മന്ത്രി അശ്വനികുമാർ വൈഷ്ണവ് വിശദീകരിച്ചത്. പരിക്കേറ്റവർക്ക് സഹായമെത്തിക്കാൻ വൈകി.
ആംബുലൻസില്ലാത്തതിനാൽ പരിക്കേറ്റവരെ ഓട്ടോറിക്ഷയിലാണ് ആശുപത്രികളിലെത്തിച്ചത്. മാധ്യമപ്രവർത്തകരെയും തടഞ്ഞു. സ്റ്റേഷനിൽ ചിതറിക്കിടന്ന ബാഗുകളും ചെരുപ്പുകളും മറ്റും അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും നിസ്സാര പരിക്കേറ്റവർക്ക് ഒരു ലക്ഷവും റെയിൽവേ നഷ്ടപരിഹാര പ്രഖ്യാപിച്ചു. അന്വേഷണത്തിന് രണ്ടംഗ സമിതിക്കും രൂപംനൽകി.
മരണക്കണക്കിൽ പൊരുത്തക്കേട്
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണത്തിൽ പൊരുത്തക്കേട്. 18 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധി പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം റെയിൽവെയോ ഡൽഹി പൊലീസോ പുറത്തുവിട്ടിട്ടില്ല. മരിച്ചവരിൽ ഒമ്പത് പേർ ബിഹാറുകാരാണ്. എട്ടുപേർ ഡൽഹിക്കാരും ഒരാൾ ഹരിയാനയിൽനിന്നുമാണ്. 11 സ്‌ത്രീകളും മരിച്ചവരിലുൾപ്പെടുന്നു.
ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലും സർക്കാരിന്റെ കണക്കും തമ്മിലാണ് പൊരുത്തക്കേട്. 15 പേരെങ്കിലും സംഭവസ്ഥലത്തുമാത്രം മരിച്ചിട്ടുണ്ടെന്ന് പോർട്ടർമാർ അടക്കമുള്ളവർ പറഞ്ഞു. നിരവധിപ്പേർ മൃതപ്രായരായിരുന്നു. ദുരന്തമുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് മരണം സ്ഥിരീകരിക്കാൻ റെയിൽവേയും ഡൽഹി സർക്കാരും തയ്യാറായത്.
സംഭവസ്ഥലത്തുനിന്ന് മാധ്യമങ്ങളെ അകറ്റിനിർത്താനുള്ള ശ്രമവും ദുരൂഹത പടർത്തി. അപകടമുണ്ടായ പ്ലാറ്റ്‌ഫോമുകളിൽനിന്ന് ദുരന്താവശിഷ്ടങ്ങൾ രാവിലെ തിരക്കിട്ട് നീക്കി.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെയും റെയിൽവെയുടെയും അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
രാജി ആവശ്യത്തോട് മന്ത്രിയോ ബിജെപിയോ പ്രതികരിച്ചില്ല. കുംഭമേളയ്‌ക്കെത്തുന്ന ജനങ്ങളുടെ തിരക്കിന് അനുസരിച്ച് ഗതാഗത ക്രമീകരണമൊരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് ആക്ഷേപമുയർന്നു.
"നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നേൽ അവൾ ജീവിച്ചേനെ'
‘ഒന്നിനു മുകളിൽ ഒന്നായി ഓരോരുത്തരും വീണു. മകളുടെ തലയിൽ ഒരാളുടെ നഖം തറച്ചുകയറി. ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നേൽ, അവൾ രക്ഷപ്പെട്ടേനെ’–- ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും മരിച്ച മകളുടെ ചിത്രം പൊട്ടിയ മൊബെെൽ സ്‌ക്രീനിൽ കാണിക്കവെ യുപി ഉന്നാവോ സ്വദേശി ഒപിൽ സിങ്ങിന് പറഞ്ഞ് മുഴുവിക്കാനായില്ല.
‘തിരിച്ചുപോകാൻ ഒരുങ്ങിയതായിരുന്നു ഞങ്ങൾ. കുട്ടികളെ കൊണ്ടുപോകാൻ കഴിയാത്തത്രയും തിരക്കായിരുന്നു. പ്ലാറ്റ്‌ഫോമിൽനിന്ന് തിരിച്ചു കയറാൻ ആറു പടികൾ മാത്രം ബാക്കി നിൽക്കെയാണ് ഏഴു വയസ്സുള്ള മകൾ റിയ ആൾക്കൂട്ടത്തിന് നടുക്കായി പോയത്. പിന്നാലെയായിരുന്നു ദുരന്തം’
സംഭവം നടക്കുമ്പോൾ ഒരു പൊലീസുകാരൻ മാത്രമാണ് പ്ലാറ്റ്‍ഫോമിലുണ്ടായിരുന്നത്. മകളെ കണ്ടെടുത്ത് പുറത്തേക്കെത്തുമ്പോൾ ആംബുലൻസുകൾ പോലും ഇല്ലായിരുന്നു. ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവൾ മരിച്ചിരുന്നു.
നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്–- ഒപിൽ സിങ് പറഞ്ഞു.









0 comments